മുംബൈ മെട്രോയുടെ ‘പൂച്ച സാർ’ വൈറൽ; സിഎഫ്ഒ ജിഞ്ചർ യാത്രക്കാരുടെ പ്രിയതാരം

മുംബൈ: മുംബൈ ഗുണ്ഡാവലി മെട്രോ സ്റ്റേഷനിൽ നടന്ന അസാധാരണ നിയമനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും യാത്രക്കാർക്കിടയിലും ചർച്ചയാകുന്നത്. മെട്രോ യാത്രക്കാരുടെ അഭ്യർത്ഥന മാനിച്ച് സ്റ്റേഷനിലെ സ്ഥിരം അതിഥിയായ ഒരു പൂച്ചയ്ക്ക് ‘ചീഫ് ഫീലൈൻ ഓഫീസർ’ എന്ന പദവി നൽകിയിരിക്കുകയാണ് മഹാ മുംബൈ മെട്രോ. ‘സിഎഫ്ഒ’ എന്ന് വിളിക്കുന്ന ഈ ഉദ്യോഗസ്ഥനാണ് ഇപ്പോൾ ഗുണ്ഡാവലി മെട്രോയിലെ ആളുകൾക്ക് ഏറ്റവും പ്രിയപ്പെട്ട ജീവനക്കാരൻ.
ഗുണ്ഡാവലി മെട്രോ സ്റ്റേഷനിലെത്തുന്ന യാത്രക്കാരെ സ്ഥിരമായി വരവേൽക്കുന്ന പൂച്ചയായിരുന്നു ഇത്. പൂച്ചയ്ക്കും ഒരു ജോലി നൽകിക്കൂടേയെന്ന് യാത്രക്കാരനായ സന്ദേശ് സാമന്ത് മെട്രോ അധികൃതരോട് ചോദിച്ചതോടെയാണ് കഥ മാറിയത്. യാത്രക്കാരന്റെ നിർദേശം തമാശയായി തള്ളിക്കളയാതെ മഹാ മുംബൈ മെട്രോ ഏറ്റെടുക്കുകയായിരുന്നു. അങ്ങനെ പൂച്ചയ്ക്ക് ‘ചീഫ് ഫീലൈൻ ഓഫീസർ’ എന്ന ഔദ്യോഗിക പദവി ലഭിച്ചു.
ശമ്പളമില്ല, ഐഡി കാർഡുമില്ല. പക്ഷേ സിഎഫ്ഒയ്ക്ക് ചുമതലകൾ ഏറെയാണ്. സ്റ്റേഷൻ പരിശോധിക്കുക, യാത്രക്കാരെ നിരീക്ഷിക്കുക, എല്ലാവർക്കും കാണാവുന്ന ഇടങ്ങളിൽ സാന്നിധ്യമറിയിക്കുക തുടങ്ങിയവയാണ് ‘ജോലി’. പുതിയ ഉദ്യോഗസ്ഥൻ തന്റെ ചുമതലകൾ കൃത്യമായി നിർവഹിക്കുന്നുണ്ടെന്നാണ് യാത്രക്കാരുടെ അഭിപ്രായം




