Uncategorized

ശബരിമല നെയ്യ് ക്രമക്കേട്; എങ്ങുമെത്താതെ അന്വേഷണം, തുടർ നടപടികൾ ഉണ്ടായില്ല

പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേടിൽ എങ്ങുമെത്താതെ അന്വേഷണം. മിൽമ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്‌തെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. പ്രതികളെ ചോദ്യം ചെയ്യാനായി കൂടുതൽ തെളിവുകൾ വേണമെന്ന് എസ്‌ഐടി അറിയിച്ചു. മുൻ ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അജികുമാർ എന്നിവരാണ് പ്രതികൾ. മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയ ഇടപാടിൽ ദേവസ്വം ബോർഡിന് 2.27 കോടി രൂപ നഷ്ടം ഉണ്ടായെന്നാണ് എസ്‌ഐടി കണ്ടെത്തൽ. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തത്. എന്നാൽ തെളിവ് ശേഖരണത്തിൽ മാത്രം അന്വേഷണം ഒതുങ്ങിയെന്നാണ് വിമർശനം.

ആദ്യഘട്ടത്തിൽ ദേവസ്വം വിജിലൻസാണ് അന്വേഷണം നടത്തിയത്. പക്ഷേ ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിലുണ്ടായ കണ്ടെത്തലിന് പുറമേ മറ്റൊന്നും എസ്‌ഐടിയും കണ്ടെത്തിയിട്ടില്ല. ശബരിമലയിലേക്ക് കൊണ്ടുപോയ നെയ്യ് വഴിമധ്യേ മറിച്ചുവിറ്റു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പകരം നിലവാരം കുറഞ്ഞ നെയ്യാണ് ശബരിമലയിൽ എത്തിയത്. ഇതിൽ ദേവസ്വം – മിൽമ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. എന്നാൽ കൂടുതൽ പേരെ പ്രതി ചേർക്കാനോ നിലവിൽ പ്രതിപട്ടികയിൽ ഉള്ളവരെ ചോദ്യം ചെയ്യാനോ അന്വേഷണ സംഘം തയ്യാറായിട്ടില്ല. ദേവസ്വം മന്ത്രിയടക്കം നിർദേശം നൽകിയ അന്വേഷണത്തിൽ മുൻപ് പറഞ്ഞ നടപടികളൊന്നും ഉണ്ടായില്ല. കൂടുതൽ തെളിവുകൾ ലഭിച്ചശേഷം മാത്രമേ ചോദ്യം ചെയ്യാൻ സാധിക്കൂവെന്നാണ് എസ്‌ഐടിയുടെ ഭാഷ്യം.

പത്തനംതിട്ട ഡയറിയിൽ നിന്ന് സന്നിധാനത്തേക്ക് കൊണ്ടു പോകുന്ന വഴിമധ്യേ ആണ് നെയ്യ് മാറ്റിയത് എന്നാണ് വിവരം. നെയ്യ് എത്തിക്കുന്നതിന് കരാറുകാരൻ കുറഞ്ഞ തുക കോട്ട് ചെയ്തത് സംശയാസ്പദമാണെന്നും വിലയിരുത്തലുണ്ട്. മിൽമയ്ക്ക് കരാർ ലഭിക്കുന്നതിന് പ്രശാന്തിന്റെ നേതൃത്വത്തിൽ വഴിവിട്ട ഇടപെടൽ നടത്തിയെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. 2025ലെ മകരവിളക്ക് കാലയളവിൽ പുറത്ത് നിന്നും നെയ്യ് വാങ്ങാനുള്ള തീരുമാനം 2024ലാണ് ബോർഡ് സ്വീകരിക്കുന്നത്. ഇതിനായി വിളിച്ച ടെൻഡറിൽ ആറ് സ്ഥാപനങ്ങൾ പങ്കാളികളായി. ഈ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെ ടെൻഡർ റദ്ദാക്കി കരാർ മിൽമയ്ക്ക് നൽകി. ടെൻഡറിൽ പങ്കെടുത്ത തമിഴ്‌നാട്ടിൽ നിന്നുള്ള സ്ഥാപനം ഒരു ലിറ്റർ നെയ്യ്ക്ക് 369 രൂപ കോട്ട് ചെയ്തപ്പോൾ മിൽമയിൽ നിന്നും വാങ്ങുന്നതിന് ലിറ്ററിന് 510 രൂപയാണ് ചെലവാക്കിയത്. ഇത്തരത്തിൽ 1.65 ലക്ഷം ലിറ്റർ നെയ്യ് മിൽമയിൽ നിന്നും വാങ്ങിയതിലൂടെ ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button