2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി നടത്തി; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

തിരുവനന്തപുരം: പിണറായി വിജയനും കെ കൃഷ്ണൻകുട്ടിക്കുമെതിരെ ബിജെപി. പിണറായി വിജയൻ സർക്കാർ റെഗുലേറ്ററി കമ്മീഷനുമായി ഒത്തുകളി നടത്തി. 2130 കോടിയുടെ ബാധ്യത കേരളത്തിന് വന്നത് ഒത്തുകളിയിലൂടെ ഭാഗം എന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി.
കുറഞ്ഞ നിരക്കിൽ ഉള്ള വൈദ്യുതി കരാറുകൾ നിലനിർത്താനുള്ള അവസരങ്ങൾ ഉണ്ടായിരുന്നിട്ടും അക്കാലത്തെ സർക്കാർ അത് പരിഗണിച്ചില്ല. സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണ് പിണറായി സർക്കാർ ചെയ്തത് എന്നും ബിജെപി. കരാർ റദ്ദാക്കരുതെന്ന് അന്നത്തെ ചീഫ് സെക്രട്ടറിയും കെഎസ്ഇബി ചെയർമാനും സർക്കാരിനെ അറിയിച്ചിരുന്നു. റെഗുലേറ്ററി കമ്മീഷന്റെ താൽപര്യവും അന്വേഷിച്ച് കണ്ടെത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു.
2014-ൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ജാബുവ പവർ, ജിൻഡാൽ പവർ തുടങ്ങിയ കമ്പനികളുമായി ഒപ്പുവെച്ച ദീർഘകാല വൈദ്യുതി കരാറുകൾ പ്രകാരം അടുത്ത 25 വർഷത്തേക്ക് യൂണിറ്റിന് 4.26 രൂപ മുതൽ 4.29 രൂപ വരെ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭിക്കേണ്ടതായിരുന്നു.
എന്നാൽ നടപടിക്രമങ്ങളിലെ സാങ്കേതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടി 2023 മേയിൽ കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഈ കരാറുകൾ റദ്ദാക്കി. കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാറുകൾ നിലനിർത്തുന്നതിനുള്ള അവസരങ്ങൾ ഉണ്ടായിരുന്നിട്ടും അവ പരിഗണിക്കാതെ കരാർ റദ്ദാക്കിയ നടപടി സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമാണെന്നും കുമ്മനം പറഞ്ഞു.
കരാർ റദ്ദാക്കരുതെന്ന് അന്നത്തെ ചീഫ് സെക്രട്ടറി പോൾ ആന്റണിയും കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്. പിള്ളയും സർക്കാരിനെയും വൈദ്യുതി മന്ത്രിയെയും റെഗുലേറ്ററി കമ്മിഷനെയും അറിയിച്ചിരുന്നു. എന്നിട്ടും കരാർ സംരക്ഷിക്കാൻ സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തിയില്ല.
2022 നവംബർ 24-ലെ മന്ത്രിസഭാ തീരുമാനപ്രകാരം വിരമിച്ച അഡീഷണൽ ചീഫ് സെക്രട്ടറി ടി. കെ. ജോസിനെ കേരള സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മിഷൻ ചെയർമാനായി നിയമിച്ചത് പിണറായി സർക്കാരാണ്. ഈ സാഹചര്യത്തിൽ കമ്മിഷന്റെ തീരുമാനത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. സർക്കാർ നിയമിച്ച ചെയർമാനും കമ്മിഷനും എടുത്ത തീരുമാനങ്ങളുടെ ഉത്തരവാദിത്തം കമ്മിഷന്റെ മേൽ മാത്രം ചുമത്തി കൈകഴുകാനുള്ള മുൻ വൈദ്യുതി വകുപ്പ് മന്ത്രിയുടെ ശ്രമം അംഗീകരിക്കാനാകില്ല.
ഡി.ബി.എഫ്.ഒ.ഒ വ്യവസ്ഥകളിലെ ഇളവുകൾ ഉൾപ്പെടെയുള്ള സാധ്യതകൾ പരിഗണിച്ച് കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാറുകൾ നിലനിർത്താൻ അവസരമുണ്ടായിരുന്നിട്ടും അതിലേക്ക് പോകാതെ കരാർ റദ്ദാക്കുകയായിരുന്നു. ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കേണ്ട റെഗുലേറ്ററി കമ്മിഷൻ സ്വീകരിച്ച ഈ നിലപാട് സംബന്ധിച്ച് സമഗ്രമായ പരിശോധന അനിവാര്യമാണെന്നും കുമ്മനം പറഞ്ഞു.
കരാർ ഇല്ലാതായതോടെ കെ.എസ്.ഇ.ബിക്ക് വൈദ്യുതി എക്സ്ചേഞ്ചുകളിൽ നിന്നും പുറത്തുനിന്നും ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടിവന്നു. ചില ഘട്ടങ്ങളിൽ യൂണിറ്റിന് 7 മുതൽ 10 രൂപ വരെ നൽകേണ്ട സാഹചര്യമുണ്ടായി. കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക കണക്കുപ്രകാരം കരാർ റദ്ദാക്കിയതിനെ തുടർന്ന് ബോർഡിന് ഉണ്ടായ അധിക സാമ്പത്തിക ബാധ്യത 2,130 കോടി രൂപയിലേറെയാണ്.
കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന വൈദ്യുതിക്ക് പകരം ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടിവന്നതിന്റെ സാമ്പത്തിക ഭാരം ഒടുവിൽ സാധാരണക്കാരുടെ തലയിലാണ് എത്തിയത്. സർചാർജായും ഉയർന്ന വൈദ്യുതി ബില്ലുകളായും ജനങ്ങൾ ഈ ബാധ്യത വഹിക്കേണ്ടിവരുന്നു.
കോടികളുടെ അധിക ബാധ്യതയ്ക്ക് ഇടയാക്കിയ തീരുമാനം എങ്ങനെ ഉണ്ടായി, ആരുടെ വീഴ്ചയാണ് ഇതിന് പിന്നിൽ, കരാർ സംരക്ഷിക്കാൻ സർക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും എന്ത് നടപടികളാണ് സ്വീകരിച്ചത് എന്നിവ സമഗ്രമായി അന്വേഷിക്കണം. തീരുമാനമെടുക്കുന്നതിലെ നടപടിക്രമങ്ങളും ഉദ്യോഗസ്ഥരുടെ വീഴ്ചയും പരിശോധിച്ച് ഉത്തരവാദിത്തം നിശ്ചയിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
അതേസമയം, ജനങ്ങൾക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണം നേരിടുന്ന അതേ നിയന്ത്രണ സംവിധാനത്തിന്റെ തുടർച്ചയും പുനഃപരിശോധിക്കണം. കമ്മിഷന്റെ തീരുമാനത്തിൽ വീഴ്ചയുണ്ടെങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണം. സർക്കാരിന്റെ നേരിട്ടുള്ള നിയമനത്തിലൂടെ എത്തിയ ചെയർമാനും കമ്മിഷനും എടുത്ത തീരുമാനങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറാതെ മുഴുവൻ വിഷയവും അന്വേഷിക്കണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.
സർക്കാർ നിയന്ത്രിക്കുന്ന റെഗുലേറ്ററി കമ്മിഷനെ മറയാക്കി ജനങ്ങളെ കബളിപ്പിക്കുന്നത് എന്തിനാണ്? 2,130 കോടിയിലേറെ രൂപയുടെ ബാധ്യത സംസ്ഥാനത്തിന് വരുത്തിവെച്ച വിഷയത്തിൽ കമ്മിഷൻ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, മുൻ സർക്കാർ–ഭരണതല തീരുമാനങ്ങൾ എന്നിവയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.




