അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യം’; ഹിന്ദുത്വ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിന്റെ ഹർജി തള്ളി

ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ നടന്ന സിജെപി സമരത്തിനിടെ ദളിത് പെൺകുട്ടിയുടെ പിതാവിനെ ക്രൂരമായി മർദ്ദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഹിന്ദുക്വ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിന്റെ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് തള്ളിയത്. ഇയാളുടെ ജുഡീഷ്യൽ കസ്റ്റഡി സെപ്റ്റംബര്‍ 21 വരെ നീട്ടി. കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയായിരുന്നു ഇയാളെ കസ്റ്റഡിയിലെടുത്തത്.
അതിനിടെ, പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ഓണ്‍ലൈനിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സ്വതന്ത്ര ഭരദ്വാജിനെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് പുതിയ എഫ്ഐആറും രജിസ്റ്റര്‍ ചെയ്തു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ ലൈംഗികാതിക്രമ ഭീഷണി ഉയർത്തിയതായി പെൺകുട്ടിയുടെ പരാതിയിൽ ഉണ്ടായിരുന്നു.
പെൺകുട്ടിയുടെ പരാതിൽ നടപടി ആവശ്യപ്പെട്ട് സിജെപി പ്രതിനിധിയായ നാഗിനയും ആസാദ് സമാജ് പാര്‍ട്ടി അധ്യക്ഷനായ ചന്ദ്രശേഖര്‍ ആസാദും രംഗത്തെത്തിയിരുന്നു. വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രത്യേക എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് നാഗിനയും ചന്ദ്രശേഖർ ആസാദും ആവശ്യപ്പെട്ടിരുന്നു.
സിജെപി പ്രതിഷേധത്തിനിടെ നിഷു ആസാദ് എന്ന പെണ്‍കുട്ടിയുടെ അച്ഛന്‍ സഞ്ജയ് കുമാറിനെ ആക്രമിച്ചെന്ന് അവകാശപ്പെട്ട് സ്വതന്ത്ര ഭരദ്വാജ് രംഗത്തെത്തിയിരുന്നു. ഒരു അഭിമുഖത്തിലായിരുന്നു ഇയാളുടെ പ്രതികരണം. പെണ്‍കുട്ടിയുടെ പിതാവിന്റെ ‘തലയോട്ടി തകര്‍ത്തു’ എന്നും 60 തുന്നലുകള്‍ വേണ്ടിവന്നെന്നും ഭരദ്വാജ് അവകാശപ്പെട്ടിരുന്നു. ഡല്‍ഹി മന്ത്രി കപില്‍ മിശ്ര ഉള്‍പ്പെടെയുള്ളവരുടെ സംരക്ഷണമുള്ളതിനാല്‍ ജയിലില്‍ പോയില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്യാത്തതില്‍ സിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഉത്തര്‍പ്രദേശ് പൊലീസിന്റെ സഹായത്തോടെയായിരുന്നു പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.




