Uncategorized

‘രാഹുൽഗാന്ധിയെ ഒറ്റുകൊടുക്കുന്നതിന് തുല്യം’; സംഘപരിവാർ ബാലഗോകുലം ഘോഷയാത്രയിൽ കോൺഗ്രസ് ജനപ്രതിനിധി പങ്കെടുത്തതിൽ രൂക്ഷവിമർശനം

ആർഎസ്എസ് വേദികളിൽ നിന്ന് വിട്ടുനിൽക്കേണ്ടത് മതേതര ജനാധിപത്യത്തിന്റെ കടമയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ. സംഘപരിവാർ ബാലഗോകുലം ഘോഷയാത്രയിൽ കോൺഗ്രസ് ജനപ്രതിനിധി പങ്കെടുത്തതിനെയാണ് ദുൽഖിഫിൽ രൂക്ഷമായി വിമർശിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് ഡിസിസി അംഗവുമായ ഉഷ കുമാരി ആർഎസ്എസ് സംഘടിപ്പിച്ച ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇതോടെയാണ് പാർട്ടിയിൽ വലിയ തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നത്.

രാഹുൽഗാന്ധിയെ ഒറ്റുകൊടുക്കരുതെന്നും ആർ.എസ്.എസ് വേദികളിൽ നിന്നും വിട്ടുനിൽക്കുക എന്നത് മതേതര ജനാധിപത്യത്തിന്റെ കടമയാണെന്നുമാണ് ദുൽഖിഫിൽ പ്രതികരിച്ചത്. ഇന്ത്യൻ പാർലമെന്റിൽ ആർ.എസ്.എസ് അനുകൂല നിലപാടുകളോടും അവരുടെ അജണ്ടകളോടും വിയോജിപ്പ് രേഖപ്പെടുത്തി, സാധാരണ ചായ സൽക്കാരങ്ങളിൽ നിന്നുപോലും വിട്ടുനിൽക്കുന്ന നേതാവാണ് രാഹുൽ ഗാന്ധിയെന്നും അദ്ദേഹം കുറിച്ചു

രാഹുൽഗാന്ധിയെ ഒറ്റുകൊടുക്കരുത്; ആർ.എസ്.എസ് വേദികളിൽ നിന്നും വിട്ടുനിൽക്കുക എന്നത് മതേതര ജനാധിപത്യത്തിന്റെ കടമയാണ്! വർഗീയതയോടും സംഘപരിവാർ അജണ്ടകളോടും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. ആർ.എസ്.എസിന്റെ പോഷക സംഘടനകളുടെ പരിപാടികളിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കുക എന്നത് ഏതൊരു മതേതര ജനാധിപത്യ വിശ്വാസിയുടെയും രാഷ്ട്രീയ ബോധ്യത്തിന്റെ ഭാഗമാണ്. അത് ഏത് ആഘോഷത്തിന്റെ പേരിലാണെങ്കിലും ശരി, അത്തരം വേദികൾ ബഹിഷ്കരിക്കപ്പെടേണ്ടവ തന്നെയാണ്.

ഇന്ത്യൻ പാർലമെന്റിൽ ആർ.എസ്.എസ് അനുകൂല നിലപാടുകളോടും അവരുടെ അജണ്ടകളോടും വിയോജിപ്പ് രേഖപ്പെടുത്തി, സാധാരണ ചായ സൽക്കാരങ്ങളിൽ നിന്നുപോലും വിട്ടുനിൽക്കുന്ന നേതാവാണ് രാഹുൽ ഗാന്ധി. സംഘപരിവാറിന്റെ രാഷ്ട്രീയത്തോട് ഒരല്പം പോലും ഒത്തുതീർപ്പിന് തയ്യാറല്ലെന്ന കൃത്യമായ സന്ദേശമാണ് അദ്ദേഹം അതിലൂടെ രാജ്യത്തിന് നൽകുന്നത്. രാഹുൽ ഗാന്ധി നയിക്കുന്ന അതേ പാർട്ടിയുടെ ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ജനപ്രതിനിധികൾ, ഇപ്പോൾ ആർ.എസ്.എസ് പോഷക സംഘടനയുടെ കൊടിക്കു കീഴിൽ പ്രത്യക്ഷപ്പെടുന്നത് ഒട്ടും അംഗീകരിക്കാൻ സാധിക്കില്ല. ഇത് രാഹുൽ ഗാന്ധിയുടെ പോരാട്ടങ്ങളെയും പാർട്ടിയുടെ മതേതര നിലപാടുകളെയും തള്ളിപ്പറയുന്നതിനും ഒറ്റുകൊടുക്കുന്നതിനും തുല്യമാണ്.

എന്ത് ന്യായീകരണത്തിന്റെ പേരിലായാലും ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നവർക്കെതിരെ അടിയന്തരമായി ശക്തമായ പാർട്ടി തല അന്വേഷണം പ്രഖ്യാപിക്കാനും, കുറ്റക്കാരായ ജനപ്രതിനിധികളോട് ഈ വീഴ്ചയ്ക്ക് കൃത്യമായ വിശദീകരണം ചോദിക്കാനും കെ.പി.സി.സി തയ്യാറാകണമെന്നും ദുൽഖിഫിൽ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button