പൊലിസ് ജീപ്പിടിച്ച് പരിക്കേറ്റയാളെ തിരിഞ്ഞുനോക്കിയില്ല; പുതുക്കാട് സ്റ്റേഷനിൽ കൂട്ടസസ്പെൻഷൻ

തൃശൂർ: പൊലിസ് ജീപ്പിടിച്ച് പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാത്തതിനാൽ പുതുക്കാട് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ. എസ്ഐ സി.എം.മഹേഷ്, സിവിൽ പൊലിസ് ഓഫീസർമാരായ എം.യു.ഫൈസൽ, ഇ.സി. യദുകൃഷ്ണൻ, പി.ഡി.നവീൻകുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.കഴിഞ്ഞ ജൂലൈ 19ന് പൊലിസ് ജീപ്പിടിച്ച് വരന്തരപ്പിള്ളി സ്വദേശി അഭിഷേകിന് പരിക്കേറ്റിരുന്നു. തട്ടുകടയിൽ സംഘർഷമുണ്ടാക്കിയ ക്രിമിനൽ സംഘത്തെ പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. തുടർന്ന് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാതെ പൊലിസ് വാഹനം ഓടിച്ചു പോകുകയായിരുന്നു.
സംഭവത്തിൽ അഭിഷേക് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് തൃശൂർ ഡിഐജി ടി. നാരായണൻ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്. പരിക്കേറ്റ വ്യക്തിക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി ഡിഐജി പറഞ്ഞു.




