ജർമ്മൻ ഷെപ്പേർഡ് നായയെ കൂട് തകർത്ത് പാതി ഭക്ഷിച്ച നിലയിൽ, മൂത്തേടത്ത് വന്യമൃഗഭീതി ശക്തം, നിരീക്ഷണ ക്യാമറ സ്ഥാപിച്ച് വനപാലകർ

മലപ്പുറം: മൂത്തേടത്ത് വളര്‍ത്തുനായയെ കൂട് തകര്‍ത്ത് കൊലപ്പെടുത്തി പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെ പ്രദേശത്ത് വന്യമൃഗ ഭീതി ശക്തം. ചീനിക്കുന്ന് കോല്‍ക്കാടന്‍ രവീന്ദ്രന്റെ വീട്ടിലെ ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയെയാണ് അജ്ഞാത ജീവി ആക്രമിച്ച് കൊന്നത്. തിങ്കളാഴ്ച രാവിലെയാണ് വീട്ടുകാര്‍ സംഭവം അറിഞ്ഞത്. നായയെ ആക്രമിച്ച ജീവി ഏതാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സ്ഥലത്തെ കാല്‍പ്പാടുകളും ആക്രമണരീതിയും പുലിയുടേതിന് സമാനമാണെന്ന് വനപാലകര്‍ അറിയിച്ചു. സംഭവമറിഞ്ഞ് നിലമ്പൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.പി. ജിനേഷിന്റെ നിര്‍ദേശപ്രകാരം വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ പി.എം. ശ്രീജിത്ത്, ആന്റണി തോമസ് മെന്‍ഡസ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ വിഷ്ണു എന്നിവരാണ് പരിശോധന നടത്തിയത്. വന്യമൃഗത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനും നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനുമായി പ്രദേശത്ത് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറയില്‍ പുലിയുടെ സാന്നിധ്യം വ്യക്തമായാല്‍ കൂട് സ്ഥാപിച്ച് പിടികൂടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വനപാലകര്‍ അറിയിച്ചു.
മൂത്തേടത്തും സമീപ പ്രദേശങ്ങളിലും വന്യമൃഗങ്ങളുടെ ആക്രമണം ആവര്‍ത്തിക്കുന്നതിനാല്‍ നാട്ടുകാര്‍ ആശങ്കയിലാണ്. ഒന്നര മാസം മുമ്പ് നായയെ കണ്ടെത്തിയ സ്ഥലത്തുനിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ അകലെ ചോളമുണ്ടയില്‍ ഉടമയുടെ കണ്‍മുന്നില്‍വെച്ച് കടുവ പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. സമീപത്തെ ഉച്ചക്കുളം ഊരിലെ നാലു പോത്തിന്‍കുട്ടികളെ പുലി പിടിച്ചതായും പ്രദേശവാസികള്‍ പറയുന്നു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നവര്‍ക്കിടയിലും കന്നുകാലി വളര്‍ത്തുന്നവര്‍ക്കിടയിലും ഭീതി വര്‍ധിപ്പിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ വീടുകളുടെ പരിസരത്തും വളര്‍ത്തുമൃഗങ്ങളെ കെട്ടിയിടുന്ന സ്ഥലങ്ങളിലും വന്യമൃഗങ്ങള്‍ എത്തുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ജനവാസ മേഖലയില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യം വര്‍ധിക്കുന്നത് മനുഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഭീഷണിയാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. നായയെ കൊന്നത് പുലിയാണോ മറ്റേതെങ്കിലും വന്യമൃഗമാണോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുന്നതിനൊപ്പം നാട്ടുകാര്‍ക്ക് ഭീഷണിയായ വന്യമൃഗത്തെ കണ്ടെത്തി പിടികൂടാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ക്യാമറ പരിശോധനയിലൂടെ വന്യമൃഗത്തിന്റെ സാന്നിധ്യവും സഞ്ചാരപാതയും കണ്ടെത്തിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.




