പാലായിൽ കൂറുമാറിയ യുഡിഎഫ് കൗൺസിലർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

കോട്ടയം: പാലാ നഗരസഭയിൽ കൂറുമാറിയ യുഡിഎഫ് കൗൺസിലർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്. ഈ മാസം 22 ന് കമ്മീഷന് മുന്നിൽ ഹാജരാകാനാണ് നിർദേശം. പാർട്ടി വിപ്പ് ലംഘിച്ചെന്ന കോൺഗ്രസ് പരാതിയിലാണ് കമ്മീഷൻ നടപടി. നിലവിലെ ചെയർപേഴ്സൺ മായ രാഹുൽ ഉൾപ്പെടെയുള്ളവർക്കാണ് നോട്ടീസ്.
മുൻ ചെയർപേഴ്സൺ ദിയ പുളിക്കക്കണ്ടത്തിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്നാണ് പുതിയ ഭരണാധികാരിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടന്നത്. വിപ്പ് ലംഘിച്ച് അവിശ്വാസപ്രമേയത്തെ പിന്തുണച്ച് കോൺഗ്രസ് വിമത കൗൺസിലർമാർക്കെതിരെ ജില്ലാ നേതൃത്വം പരാതി നൽകിയിരുന്നു . സ്വതന്ത്ര കൗൺസിലർ മായ രാഹുൽ ഉൾപ്പെടെ അഞ്ച് പേരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഡിസിസി പരാതി നൽകിയത്.
കഴിഞ്ഞ മാസം 21 നാണ് എൽഡിഎഫ് പാലാ നഗരസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അവിശ്വാസ പ്രമേയത്തെ നാല് കോൺഗ്രസ് കൗൺസിലർമാരും കോൺഗ്രസ് കൗൺസിലറായ മായ രാഹുലും പിന്തുണച്ചിരുന്നു. ഇതോടെയാണ് യുഡിഎഫ് പിന്തുണയോടെ നിലനിന്നിരുന്ന നഗരസഭാ ഭരണം പ്രതിസന്ധിയിലായത്.




