മനുഷ്യരെ ഓടിച്ചിട്ട് ആക്രമിച്ച് ‘നിഗൂഢ ജീവി’: ന്യൂഹാംഷെയറിൽ പേ വിഷബാധ ഭീതി, ജാഗ്രതാ നിർദേശം

അമേരിക്കയിലെ ന്യൂഹാംഷെയറിലുള്ള ലെബനൻ നഗരത്തിൽ അജ്ഞാത ജീവി മൂന്ന് പേരെ ആക്രമിച്ചു. പേവിഷബാധ സംശയിക്കുന്ന ഈ മൃഗത്തിനായി പോലീസും വന്യജീവി വകുപ്പും തിരച്ചിൽ നടത്തുകയാണ്. പ്രകോപനമില്ലാതെ ആക്രമിക്കുന്നതിനാൽ ജനങ്ങൾക്ക് അധികൃതർ കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അമേരിക്കയിലെ ന്യൂഹാംഷെയറിലുള്ള ലെബനൻ നഗരത്തിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ രണ്ട് ദിവസത്തിനിടെ മൂന്ന് പേർക്ക് പരിക്കേറ്റു. ജനവാസ മേഖലയായ സെന്ററ പാർക്കിന് സമീപമാണ് ആക്രമണം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആക്രമണം നടത്തിയത് പേവിഷബാധ ബാധിച്ച മൃഗമായിരിക്കാമെന്ന സംശയത്തെ തുടർന്ന് പ്രദേശത്ത് പോലീസ് കടുത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
പാഞ്ഞെത്തി കടിക്കുന്ന ‘അജ്ഞാത ജീവി’
കഴിഞ്ഞ ഞായറാഴ്ചയാണ് ആദ്യ ആക്രമണം റിപ്പോർട്ട് ചെയ്തത്. തുടർന്ന് തിങ്കളാഴ്ച വൈകുന്നേരത്തോടെ രണ്ട് പേർക്ക് കൂടി മൃഗത്തിന്റെ കടിയേറ്റു. പിന്നാലെ ആക്രമണ ദൃശ്യങ്ങൾ അടങ്ങിയ സിസിടിവി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും വൈറലാവുകയും ചെയ്തു. ഒരു പാർക്കിംഗ് ലോട്ടിൽ നിർത്തിയിട്ടിരുന്ന യു-ഹോൾ ട്രക്കിന് സമീപമുണ്ടായിരുന്ന രണ്ട് പേർക്ക് നേരെ ചെറിയൊരു ജീവി ഓടിയടുക്കുന്നതും, അതിലൊരാളുടെ കാലിലും ബാഗിലും കടിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അതിസാഹസികമായി ഇയാൾ മൃഗത്തെ ചവിട്ടി മാറ്റിയതിനെ തുടർന്ന് ഇത് ട്രക്കിനടിയിലേക്ക് ഓടിപ്പോവുകയായിരുന്നു



