Uncategorized

റിയാദിൽ കേടായ വാഹനം റിക്കവറി വാഹനത്തിൽ കയറ്റുന്നതിനിടെ മറ്റൊരു കാർ ഇടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

സൗദി അറേബ്യയിലെ റിയാദിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ സ്വദേശിയായ ഡ്രൈവർക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശി മുഹമ്മദ് ആസിഫ് (53) ആണ് അപകടത്തിൽ കൊല്ലപ്പെട്ടത്. റോഡിൽ കേടായിക്കിടന്ന ഒരു വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റാനുള്ള ശ്രമങ്ങൾക്കിടെ, നിയന്ത്രണം വിട്ടുവന്ന മറ്റൊരു കാർ ഇദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി അമീർ തുർക്കി അൽ അവ്വൽ റോഡിലായിരുന്നു സംഭവം. അപകടസമയത്ത് കൂടെയുണ്ടായിരുന്ന സഹയാത്രികൻ യാസർ അറഫാത്ത് പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ മൃതദേഹം ബുധനാഴ്ച വിമാനമാർഗ്ഗം നാട്ടിലേക്ക് കൊണ്ടുപോകും. അപകടവിവരമറിഞ്ഞതിനെ തുടർന്ന് കമ്പനി അധികൃതരും ബന്ധുക്കളും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സഹായങ്ങൾക്കായി റിയാദ് കെഎംസിസി വെൽഫെയർ വിങ്ങിനെ സമീപിക്കുകയായിരുന്നു.

വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരിയുടെ മേൽനോട്ടത്തിൽ ഇന്ത്യൻ എംബസി, റിയാദ് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്, ആശുപത്രി എന്നിവിടങ്ങളിലെ ഔദ്യോഗിക നിയമനടപടികൾ അതിവേഗം പൂർത്തിയാക്കി. വെൽഫെയർ വിങ് വളണ്ടിയർമാരായ ജുനൈദ് താനൂർ, നസീർ കണ്ണീരി എന്നിവരും പരേതന്റെ സഹോദരൻ കാശിഫ് അഹമ്മദും നടപടികൾ ഏകോപിപ്പിച്ചു. നിയമനടപടികൾ വേഗത്തിലാക്കാൻ മുന്നിൽ നിന്ന റിയാദ് കെഎംസിസിക്കും റഫീഖ് മഞ്ചേരിക്കും മുഹമ്മദ് ആസിഫിന്റെ കുടുംബവും കമ്പനി അധികൃതരും നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button