Uncategorized

ചേന്തി ഗുണ്ടയായിട്ടുണ്ടെങ്കിൽ കോൺഗ്രസ് കൊടി ഉയർത്താൻ, മുഖ്യമന്ത്രിയെ തടഞ്ഞുവെന്നത് പൊലീസിൻ്റെ ജപ്പാൻ കഥകൾ’

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തടഞ്ഞുവെന്ന കേസില്‍ അറസ്റ്റിലായ ഡിസിസി മുന്‍ അംഗം ചേന്തി അനിലിനെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ പീതാംബരക്കുറുപ്പ്. ചേന്തിയില്‍ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞിട്ടില്ലെന്ന് പീതാംബരക്കുറുപ്പ് പറഞ്ഞു. മുഖ്യമന്ത്രിയെ തടയാന്‍ ആലോചിച്ചിട്ടു പോലുമില്ല. അവിടെ ഉണ്ടായിരുന്നവര്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയവരാണ്. ചേന്തി ഗുണ്ട ആയിട്ടുണ്ടെങ്കില്‍ കോണ്‍ഗ്രസ് കൊടി ഉയര്‍ത്താനാണെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പീതാംബരക്കുറുപ്പിന്റെ പ്രതികരണം.

പൊലീസിനെതിരെയും പീതാംബരക്കുറുപ്പ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മുഖ്യമന്ത്രിയെ തടഞ്ഞു എന്നത് പൊലീസ് ഉണ്ടാക്കിയ ജപ്പാന്‍ കഥകളാണെന്ന് പീതാംബരക്കുറുപ്പ് പറഞ്ഞു. ചേന്തി അനില്‍ ഗുണ്ടയാണെന്ന് പറയേണ്ടത് പൊലീസ് അല്ല. ചേന്തി അനിലിനെ ആദ്യമായിട്ടല്ല താന്‍ കാണുന്നത്. ചേന്തി അനില്‍ ചാരായം വില്പന നടത്തുകയല്ല ചെയ്യുന്നത്. കോടതി ചെയ്യേണ്ട ജോലി പോലീസ് ചെയ്യേണ്ടതില്ല. ചേന്തിയില്‍ കൂടിയിരുന്നത് മഹാഭൂരിപക്ഷവും കോണ്‍ഗ്രസുകാരാണ്. ചേന്തിയില്‍ ആയുധവുമായി ആരും എത്തിയിരുന്നില്ല. തടയാന്‍ ആണെങ്കില്‍ പൈപ്പും കല്ലും റോഡില്‍ വച്ചാ മതിയായിരുന്നല്ലോ.തടയുമെന്ന് വിവരം കിട്ടിയിരുന്നെങ്കില്‍ റൂട്ട് മാറ്റേണ്ടത് പൊലീസ്. പൊലീസിന്റെ ഷോയെ കുറിച്ച് താന്‍ ഒന്നും പറയുന്നില്ല. മുഖ്യമന്ത്രിക്ക് തെറ്റായ വിവരം ആരെങ്കിലും നല്‍കിയിട്ടുണ്ടോയെന്നും ചേന്തി അനിലിനോട് മുഖ്യമന്ത്രി ക്ഷമിക്കുമെന്നാണ് വിശ്വാസമെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മുഖ്യമന്ത്രിയുടെ വാഹനം ചേന്തി അനിലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. ചേന്തി ശ്രീ നാരായണ സാംസ്‌കാരിക നിലയത്തിലെ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈകാണിച്ച് നിര്‍ത്തുകയായിരുന്നു.

സംഭവം വിവാദമായതിന് പിന്നാലെ ചേന്തി അനില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, തടഞ്ഞുവെയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. ഇതിന് പിന്നാലെ ചേന്തി അനില്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവം വിവാദമായതോടെ ചേന്തി അനിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാലാണ് അനിലിനെ പുറത്താക്കിയതെന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വിശദീകരണം. അനിലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് ഡിസിസി പ്രസിഡന്റ് എന്‍ ശക്തനും പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button