Uncategorized

ഷൗക്കത്തിന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധന നടത്താതെ തിരികെ നല്‍കി; പൊലീസിന് ഗുരുതര വീഴ്ചയെന്ന് ആരോപണം

മലപ്പുപറം: ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവര്‍ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച്ചയെന്ന് പരാതി. നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഷൗക്കത്തിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാതെ അരീക്കോട് പൊലീസ് കുടുംബത്തിന് തന്നെ തിരിച്ചു നല്‍കി എന്ന ഗുരുതര ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതുവരെ പുറത്തുവരാത്ത തെളിവുകള്‍ മൊബൈല്‍ ഫോണില്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നാണ് നിഗമനം.

മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചില്ലെന്നും പരാതിയുണ്ട്. ഷൗക്കത്തിന്റെ മരണത്തിനു പിന്നാലെ അരീക്കോട് പൊലീസ് ഫോണ്‍ കൊണ്ടുപോയിരുന്നെങ്കിലും തൊട്ടടുത്ത ദിവസം കുടുംബത്തിന് തിരികെ കൈമാറുകയായിരുന്നു. പാറ്റേണ്‍ ലോക്കില്‍ ഉള്ള മൊബൈല്‍ തുറക്കാന്‍ കഴിയുന്നില്ലെന്ന് ബന്ധു സക്കീര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത സംഭവത്തില്‍ ഇതുവരെ ആത്മഹത്യ പ്രേരണ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും കുടുംബം പറയുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യവും ശക്തമാണ്.

എംവിഡി ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്റുമാരുടെ വലിയ ലോബി തന്നെ ജില്ലയില്‍ ഉണ്ടെന്നാണ് പരാതി ഉയരുന്നത്. ഇവരെ ഒഴിവാക്കി ഉദ്യോഗസ്ഥരെ നേരിട്ട് സമീപിക്കുന്ന ആര്‍ക്കും ഫിറ്റ്നസ് ലഭിച്ചിട്ടില്ലെന്നും പരാതി ഉയരുന്നുണ്ട്. വാഹനത്തിന് മോഡിഫിക്കേഷന്‍ നടത്തിയെന്നാരോപിച്ചാണ് എംവിഡി ഫിറ്റ്നസ് നിഷേധിച്ചത്. ഏജന്റ് മുഖാന്തിരം ആദ്യ തവണ ഫിറ്റ്നസ് ലഭിച്ച ഓട്ടോറിക്ഷയ്ക്കാണ് രണ്ടാമത്തെ ഫിറ്റിനസ് പരിശോധനയില്‍ നേരിട്ട് നല്‍കിയ അപേക്ഷയില്‍ ഫിറ്റ്നസ് നിഷേധിച്ചത്. ഓട്ടോയില്‍ എംവിഡി പറയുന്ന വിധം മോഡിഫിക്കേഷന്‍ ഇല്ലെന്നും സ്റ്റീല്‍ കമ്പികള്‍ മാത്രമാണ് ഉള്ളതെന്നും നാട്ടുകാര്‍ പറഞ്ഞു. മാത്രമല്ല ഫിറ്റ്നസിനായി ഓട്ടോ ഡ്രൈവര്‍ നിരവധി തവണ എംവിഡിയെ സമീപിച്ചിരുന്നു എന്നും അവര്‍ പറയുന്നുണ്ട്. ഒരു ഏജന്റിന്റെ പിന്തുണയില്ലാതെ സംവിധാനം മുന്നോട്ട് പോകില്ലെന്ന എംവിഡി ഉദ്യോഗസ്ഥരുടെ തീരുമാനമാണ് ഷൗക്കത്തിന്റെ മരണത്തില്‍ കലാശിച്ചതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഓട്ടോ ഡ്രൈവര്‍ മലപ്പുറം സ്വദേശി ഷൗക്കത്ത് ജീവനൊടുക്കിയത്. തന്റെ മരണത്തിന് ഉത്തരവാദികള്‍ മോട്ടോര്‍ വാഹന വകുപ്പ് ആണെന്ന് ഇയാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. കൈക്കൂലി കൊടുത്തില്ലെന്ന ഏക കാരണം കൊണ്ട് അവര്‍ തന്റെ ജീവിത മാര്‍ഗം തന്നെ തകര്‍ത്തു എന്നാണ് ആരോപണം. കഴിഞ്ഞ പത്ത് മാസമായി താന്‍ ഏജന്റ് ഓഫീസുകള്‍ കയറിയിറങ്ങിയെന്നും ഓട്ടോ ഡ്രൈവറുടെ കുറിപ്പില്‍ പറയുഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button