ഗതാഗതക്കുരുക്ക് രൂക്ഷം: താമരശ്ശേരി ചുരത്തിൽ ഓഗസ്റ്റ് 28 വരെ കർശന നിയന്ത്രണം

കോഴിക്കോട്: ഓണാവധിക്കാലത്തെ യാത്രക്കാരുടെ തിരക്കും റോഡ് വികസന പ്രവൃത്തികളും കാരണം താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് പോലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ചുരത്തിലെ വ്യൂ പോയിന്റുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ വാഹനങ്ങൾ നിർത്തുന്നതും പാർക്ക് ചെയ്യുന്നതും പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. കൂടാതെ ചുരം റോഡിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിനും വിലക്കുണ്ട്.
ഓണാവധിയോട് അനുബന്ധിച്ച് വയനാട്, ഗുണ്ടൽപേട്ട്, മൈസൂരു തുടങ്ങിയ ഭാഗങ്ങളിലേക്ക് വാഹനങ്ങളുടെ ഒഴുക്ക് വർദ്ധിച്ചതും ചുരത്തിലെ 6, 7, 8 വളവുകളിൽ നടന്നു വരുന്ന റോഡ് വീതികൂട്ടൽ പ്രവൃത്തികളുമാണ് കുരുക്ക് രൂക്ഷമാക്കിയത്. തിരക്ക് പരിഗണിച്ച് ഓഗസ്റ്റ് 28 വരെ ഈ നിയന്ത്രണങ്ങൾ തുടരുമെന്ന് പോലീസ് അറിയിച്ചു.
ചുരത്തിൽ കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും നിർദ്ദേശങ്ങൾ ലംഘിച്ച് പാർക്ക് ചെയ്യുകയോ തടസ്സം സൃഷ്ടിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.




