ലേക്കര്‍ ഇന്ത്യ കടലാസ് കമ്പനിയല്ല, നടക്കുന്നത് കുപ്രചരണം; വിശദീകരണവുമായി ഡോ: അനീസ് അറയ്ക്കൽ

കോഴിക്കോട് ആസ്ഥാനമായുള്ള ലേക്കര്‍ ഇന്ത്യ കോര്പ്പറേഷന് എന്നത് കടലാസ് കമ്പനിയല്ലെന്ന് പാര്‍ട്ണര്‍ ഡോ. അനീസ് അറയ്ക്കല്‍. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചാണ് കമ്പനി ആരംഭിച്ചത്. ഒളവണ്ണ പഞ്ചായത്തിൽ ലൈസൻസിനായി അപേക്ഷ നൽകിയിരുന്നു. എന്നാല്‍ സാങ്കേതികവും രേഖകളുടെ തിരുത്തലുകളും ആവശ്യപ്പെട്ട് പഞ്ചായത്ത് അപേക്ഷ തിരിച്ചയക്കുകയായിരുന്നു. അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട്, ആവശ്യമായ തിരുത്തലുകള്‍ വരുത്തി അപേക്ഷ വീണ്ടും സമര്‍പ്പിക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്. കമ്പനിക്കെതിരെ ഇപ്പോള്‍ നടക്കുന്നത് കുപ്രചരണങ്ങളാണെന്നും ഡോ. അനീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിയമപരമായ എല്ലാ നിര്‍ദേശങ്ങളും പാലിച്ചാണ് കമ്പനി തുടങ്ങിയത്. ജിഎസ്ടി രജിസ്ട്രേഷന്, എംഎസ്എംഇ/ഉദ്യം രജിസ്ട്രേഷന്, ഭാവിയിലെ ഉല്‍പ്പന്ന വിപുലീകരണത്തിന്റെ ഭാഗമായി എടുത്ത ഹോള്‍സെയില്‍ ഫാര്‍മസി ലൈസന്‍സ് തുടങ്ങി നിയമപരമായ എല്ലാ അംഗീകാരങ്ങളും ലൈസന്‍സുകളും പ്രാബല്യത്തിലുണ്ട്. സുതാര്യമായ ബിസിനസ് രീതികളും കൃത്യമായ ഗുണനിലവാര മാനദണ്ഡങ്ങളും സര്‍ക്കാര്‍ നിയമങ്ങളും പാലിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം. നിരവധി കസ്റ്റമേഴ്സിന്റെ പിന്തുണയുമുണ്ട്. വസ്തുത മനസ്സിലാക്കി കമ്പനിക്കെതിരായ അപവാദ പ്രചാരണങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും ഡോ. അനീസ് പറഞ്ഞു.
നേരത്തെ, കോഴിക്കോട് പന്തീരാങ്കാവില്‍ വെള്ള കടലാസില്‍ ലേക്കര്‍ ഇന്ത്യയുടെ പേര് പ്രിന്റ് ചെയ്ത് പതിപ്പിച്ചൊരു ഒറ്റമുറി കട കണ്ടെത്തിയിരുന്നു. പൂളേങ്കരയിലെ ബൈത്തുല്‍ മുബാറക് ബില്‍ഡിങ്ങിന്റെ ഒന്നാം നിലയിലെ ഒരു മുറിയുടെ ചുവരിലാണ് ലേക്കര്‍ ഇന്ത്യ പേര് പതിച്ചൊരു മുറി കണ്ടത്. വെള്ള കടലാസില്‍ പ്രിന്റ് ഔട്ട് എടുത്ത്, പ്ലാസ്റ്റിക് കവറിലാക്കിയാണ് ഇവിടെ പതിപ്പിച്ചിരുന്നത്. വിശദമായ വിലാസത്തിനൊപ്പം, ജിഎസ്ടി നമ്പരും ചേര്‍ത്തിരുന്നു. എന്നാല്‍, ലേക്കര്‍ ഇന്ത്യ എന്നൊരു കമ്പനി അവിടെ പ്രവര്‍ത്തിച്ചതായി അറിയില്ലെന്നായിരുന്നു നാട്ടുകാരുടെ പ്രതികരണം. അവിടെ നേരത്തെ സൂപ്പര്‍ മാര്‍ക്കറ്റാണ് പ്രവര്‍ത്തിച്ചിരുന്നത്. പീന്നീട് കടമുറി തുറന്നു പ്രവര്‍ത്തിച്ചിട്ടില്ല. ദീര്‍ഘനാളായി അടഞ്ഞുകിടക്കുകയാണ്. സ്ഥാപനം ആരുടേതാണെന്ന് അറിയില്ലെന്നും നാട്ടുകാര്‍ പ്രതികരിച്ചിരുന്നു.




