Uncategorized

കുവൈറ്റിൽ വൻ മയക്കുമരുന്ന് വേട്ട; മൂന്ന് പേർ അറസ്റ്റിൽ, കോടികളുടെ സമ്പാദ്യം കണ്ടുകെട്ടി

കുവൈറ്റിൽ വൻ മയക്കുമരുന്ന് ശേഖരവുമായി മൂന്ന് പേർ സുരക്ഷാ സേനയുടെ പിടിയിലായി. നിരോധിത ലഹരിവസ്തുക്കൾക്ക് പുറമെ കോടികൾ വിലമതിക്കുന്ന സ്വർണവും പണവും ആഡംബര വസ്തുക്കളും പ്രതികളിൽ നിന്ന് കണ്ടെടുത്തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ വിഭാഗം നടത്തിയ കൃത്യമായ മിന്നൽ പരിശോധനയിലാണ് പ്രതികൾ വലയിലായത്.

വൻതോതിലുള്ള ലിറിക്ക (Lyrica) ക്യാപ്സ്യൂളുകൾ, ലിറിക്ക പൗഡർ, സൈക്കോട്രോപിക് ഗുളികകൾ, മദ്യം എന്നിവയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇതിന് പുറമെ 50,000 കുവൈത്തി ദിനാർ വിലമതിക്കുന്ന നാല് ആഡംബര വാച്ചുകൾ, ഏഴ് കിലോഗ്രാം സ്വർണം, 40,000 കുവൈത്തി ദിനാർ എന്നിവയും പണമായി കണ്ടെടുത്തു.

മയക്കുമരുന്നും മദ്യവും വിറ്റ് ലഭിച്ച അനധികൃത വരുമാനം ഉപയോഗിച്ചാണ് പ്രതികൾ ഈ സ്വർണവും വിലകൂടിയ വാച്ചുകളും വാങ്ങിക്കൂട്ടിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. രാജ്യത്തേക്ക് വൻതോതിൽ ലഹരിവസ്തുക്കൾ എത്തിച്ച് പ്രാദേശിക വിപണിയിൽ വിറ്റഴിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

രാജ്യത്ത് മയക്കുമരുന്ന് വ്യാപനം പൂർണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പരിശോധന കർശനമാക്കിയിട്ടുണ്ട്. മയക്കുമരുന്ന് കച്ചവടത്തിൽ ഏർപ്പെടുന്നവർക്ക് വധശിക്ഷ വരെ ഉറപ്പുനൽകുന്ന കടുത്ത നിയമപരിഷ്കാരങ്ങളാണ് അടുത്തിടെ കുവൈറ്റ് പാസാക്കിയത്. വരും ദിവസങ്ങളിലും പരിശോധന കൂടുതൽ ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button