പാലത്തായി കേസ്: പത്മരാജന് ജാമ്യം നൽകി ഹൈക്കോടതി; ഇരയായ കുട്ടിയുടെ മൊഴികളിൽ വൈരുദ്ധ്യമെന്ന് കോടതി

കൊച്ചി: പാലത്തായി പോക്സോ കേസിൽ പ്രതി പത്മരാജൻ്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. പത്മരാജന് ഹൈക്കോടതി ജാമ്യം നൽകി. ഇരയായ കുട്ടിയുടെ മൊഴികളിൽ വൈരുദ്ധ്യമെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി പത്മരാജന് ജാമ്യം നൽകിയത്. വിചാരണക്കോടതിയുടെ ശിക്ഷാവിധിയിൽ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതിനെതിരെ പ്രതി നൽകിയ അപ്പീലിലാണ് ജസ്റ്റിസ് രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഇരയായ കുട്ടിയുടെ മൊഴികളിൽ കാര്യമായ വൈരുദ്ധ്യങ്ങളും അതിശയോക്തിപരമായ വിശദീകരണങ്ങളും ഉണ്ടെന്ന് കോടതി പ്രാഥമികമായി നിരീക്ഷിച്ചിട്ടുണ്ട്. സ്കൂളിലെ ക്ലാസ് മുറികൾക്ക് വളരെ അടുത്തുള്ളതും ഇടുങ്ങിയതുമായ സ്ഥലത്താണ് ശുചിമുറി സ്ഥിതി ചെയ്യുന്നത്. മറ്റു കുട്ടികളോ അധ്യാപകരോ അറിയാതെ പലതവണ ഇത്തരം സംഭവം നടന്നു എന്നത് സംശയമുണർത്തുന്നുവെന്ന പ്രതിഭാഗത്തിൻ്റെ വാദം ഡിവിഷൻ ബെഞ്ച് പരിഗണിച്ചു.കുട്ടിയെ ആദ്യം പരിശോധിച്ച ഡോക്ടർ പീഡനം നടന്നതായി രേഖപ്പെടുത്തിയിരുന്നില്ല. പിന്നീട് പരിശോധിച്ച ഡോക്ടർ കണ്ടെത്തിയ പരിക്കുകൾ ഫംഗൽ ഇൻഫെക്ഷൻ മൂലമുള്ള ചൊറിച്ചിൽ കൊണ്ടും സംഭവിക്കാമെന്ന് മൊഴി നൽകിയിട്ടുണ്ടെന്നതും കോടതി പരിഗണിച്ചു. മൂന്ന് വ്യത്യസ്ത അന്വേഷണ സംഘങ്ങൾ നടത്തിയ അന്വേഷണങ്ങളിൽ പരസ്പരവിരുദ്ധമായ നിഗമനങ്ങളിലാണ് എത്തിച്ചേർന്നതെന്നതും കോടതി വിലയിരുത്തി. വിചാരണ കോടതിയുടെ ശിക്ഷാ വിധിയിൽ പ്രാഥമികമായി ചില പിഴവുകൾ കാണുന്നുണ്ടെന്നും അപ്പീലിൽ വാദിക്കാൻ പ്രതിക്ക് വ്യക്തമായ കാരണങ്ങളുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും എന്ന ഉപാധിയോടെയാണ് പത്മരാജന് ജാമ്യം നൽകിയിരിക്കുന്നത്. കുട്ടി താമസിക്കുന്ന റവന്യൂ ജില്ലയിൽ പ്രതി പ്രവേശിക്കാൻ പാടില്ലെന്നും ജാമ്യ വ്യവസ്ഥയിൽ പറയുന്നുണ്ട്. കുട്ടിയേയോ കുടുംബത്തെയോ സാക്ഷികളെയോ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കാനോ ബന്ധപ്പെടാനോ ശ്രമിക്കരുത്. കേസിനെക്കുറിച്ച് സോഷ്യൽ മീഡിയയിലോ മാധ്യമങ്ങളിലോ അഭിമുഖങ്ങളോ പ്രതികരണങ്ങളോ നൽകരുത്. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുത്. ജാമ്യകാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് എന്നീ വ്യവസ്ഥകളോടെയാണ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
തലശ്ശേരി പ്രത്യേക കോടതി പ്രതിയെ ജീവപര്യന്തം തടവിനും പിഴയ്ക്കും ശിക്ഷിച്ചിരുന്നു. സ്കൂളിലെ ശുചിമുറിയിൽ വെച്ച് 10 വയസ്സുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു എന്നതായിരുന്നു പ്രോസിക്യൂഷൻ കേസ്.



