കരുവാറ്റ കൊലപാതകം: പോലീസ് ആദ്യം സംശയിച്ചത് മറ്റൊരാളെ; ആളുമാറിയെങ്കിലും കിട്ടിയത് നിർണായക വിവരങ്ങൾ

ഹരിപ്പാട്: കരുവാറ്റയിലെ കൊലപാതകക്കേസിൽ പോലീസ് ആദ്യം സംശയിച്ചത് പ്രതിയല്ലാത്ത മറ്റൊരു കൗമാരക്കാരനെയാണ്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് മാടപ്പുരക്കൽ പടീറ്റതിൽ ശിവൻകുട്ടി ചെട്ടിയാർ (67) കൊല്ലപ്പെട്ടത്. കൊലപാതകം ആസൂത്രണംചെയ്തത് പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞ പോലീസ് ആശുപത്രിയിൽ നടത്തിയ രഹസ്യമായ നിരീക്ഷണത്തിലാണ് ഇയാളെ ആദ്യം സംശയിച്ചത്.
സംസാരത്തിനിടെ ഈ കൗമാരക്കാരൻ നൽകിയ വിവരങ്ങളാണ് പിന്നീട് പോലീസിന് യഥാർത്ഥ പ്രതികളിലേക്കെത്താനുള്ള വഴിയൊരുക്കിയത്. കൊലപാതകത്തിന് ശേഷമുള്ള രാത്രി, പെൺകുട്ടി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവശുശ്രൂഷയിലുള്ള ബന്ധുവായ യുവതിക്ക് കൂട്ടിരുന്നിരുന്നു. ഇതിനിടെ അടുത്ത ബന്ധുവായ ഒരു കൗമാരക്കാരൻ ആശുപത്രിയിലെത്തി പെൺകുട്ടിയെ കണ്ടു.
പിന്നാലെ, സംശയം തോന്നാത്ത വിധത്തിൽ പോലീസ് ഇയാളുമായി സംസാരിച്ചു. എന്നാൽ സംഭവത്തെപ്പറ്റി ഒന്നുമറിയില്ലെന്നായിരുന്നു കൗമാരക്കാരന്റെ മൊഴി. ഇതോടെ പോലീസിന്റെ പ്രതീക്ഷ മങ്ങി. എന്നാൽ, സംസാരത്തിനിടെ പോലീസിൽനിന്ന് യഥാർഥ പ്രതിയുടെ പേരുകേട്ടപ്പോൾ, ആ പേരിൽ തനിക്കറിയാവുന്ന ഒരാളുണ്ട് എന്ന് ഈ കൗമാരക്കാരൻ പോലീസിനോട് പറഞ്ഞു.
തനിക്കറിയാവുന്ന ആളിൻ്റെ ഫോട്ടോ ഫോണിൽ പോലീസിനെ കാണിക്കുകയും ചെയ്തു. ഇതോടെയാണ് കൊല്ലം പരവൂരിൽനിന്ന് കുറ്റാരോപിതരിൽ ഒന്നാമനെ പോലീസ് പിടികൂടുന്നത്. അതേസമയം, കുറ്റാരോപിതരിൽ ഒരാൾ ഇവരുടെ സുഹൃത്തിനെത്തേടി കൊല്ലം പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെത്തിയിരുന്നതായി അന്വേഷണോദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ആടിനെ മോഷ്ടിച്ച കേസിൽ അറസ്റ്റിലായിരുന്നു കുറ്റാരോപിതന്റെ സുഹൃത്ത്.
ശിവൻകുട്ടിയെ കൊലപ്പെടുത്തിയശേഷം അപഹരിച്ച നാലരപ്പവൻ വിൽക്കുന്നതിനോ പണയംവെക്കുന്നതിനോ ആണ് ഇയാൾ സുഹൃത്തിനെത്തേടി എത്തിയത് എന്നാണ് പോലീസിന്റെ നിഗമനം. സ്വർണം വിൽക്കാൻ ആധാർ കാർഡ് ആവശ്യമായതിനാലാണ് സഹായം തേടാൻ തീരുമാനിച്ചത്. എന്നാൽ സ്റ്റേഷനിലെത്തിയെങ്കിലും സുഹൃത്തിനെ കാണാനാവാതെ ഇയാൾ മടങ്ങുകയായിരുന്നു.
അതേസമയം, കുറ്റാരോപിതയായ പെൺകുട്ടി വീട്ടിൽനിന്നു സ്വർണമെടുക്കുന്നതു പരാജയപ്പെട്ടതും കൊലയ്ക്ക് പ്രേരണയായെന്ന് പോലീസ് പറയുന്നു. സംഭവദിവസം രാവിലെ വീട്ടിൽ സ്വർണം സൂക്ഷിച്ചിരുന്ന അലമാര സ്ക്രൂഡ്രൈവർ ഉപയോഗിച്ച് തുറക്കാൻ ബന്ധുവായ പെൺകുട്ടി ശ്രമിച്ചിരുന്നു. പുറത്തുപോയിരുന്ന ചെട്ടിയാർ വീട്ടിലെത്തിയപ്പോൾ ഇത് കണ്ടു.
പിന്നാലെ ഇയാൾ കുട്ടിയെ ശാസിക്കുകയും സ്ക്രൂഡ്രൈവർ വാങ്ങി നിലത്തെറിയുകയും ചെയ്തു. സംഭവം കുട്ടിയുടെ അമ്മയെയും ബന്ധുക്കളെയും അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി. സ്വർണം വിറ്റശേഷം ഫോൺ വാങ്ങാനാണ് പെൺകുട്ടി തീരുമാനിച്ചിരുന്നത്. ഇനിയും വൈകിയാൽ സ്വർണം കൈവിട്ടുപോകുമെന്ന് കുട്ടി കരുതിയിരിക്കാമെന്നാണ് പോലീസ് നിഗമനം.
പെൺകുട്ടിയുടെ അമിതമായ മൊബൈൽ ഉപയോഗവും സുഹൃത്തുക്കൾക്കൊപ്പമുള്ള സഞ്ചാരവും ശിവൻകുട്ടി എതിർത്തിരുന്നതിലും വഴക്കുണ്ടായിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരോട് പെൺകുട്ടി തന്നെയാണ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
നിലവിൽ, മായിത്തറയിലെ സംരക്ഷണകേന്ദ്രത്തിലുള്ള കുറ്റാരോപിതരായ മൂന്നുപേരെ ശനിയാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങും. വിരലടയാളം ഉൾപ്പെടെ ശാസ്ത്രീയ അന്വേഷണത്തിലെ വിവരങ്ങളും വീടിനുള്ളിൽ ഇവർ കയറിയ രീതിയുമെല്ലാം ഉറപ്പാക്കണം.
പെൺകുട്ടിയിൽനിന്ന് കൂടുതൽ വിവരങ്ങളും ശേഖരിക്കേണ്ടതുണ്ട് എന്ന് പോലീസ് വ്യക്തമാക്കി.



