സാംസ്‌കാരിക നിലയത്തിന് ശപമോക്ഷമേകി ജനപ്രതിനിധികൾ

കണിച്ചാർ : കണിച്ചാർ ടൗണിൽ സ്കൂളിന് സമീപം 3 വർഷത്തിലേറെയായി കാട് മൂടി, ഉപയോഗ ശൂന്യമായി കിടന്നിരുന്ന സാംസ്‌കാരിക നിലയത്തിനും വയോജന വിശ്രമകേന്ദ്രത്തിനുമാണ് ശാപമോക്ഷം കൈവന്നത്.
വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേലിന്റെ നേതൃത്വത്തിൽ വാർഡ് മെമ്പർമാരായ തോമസ് പയ്യപ്പള്ളിൽ, ജിൽസൺ മാത്യു, ജിബിൻ ജെയ്സൺ എന്നിവർ ചേർന്നാണ് കാട് വെട്ടി തെളിച്ചും കെട്ടിടത്തിന് അപകട ഭീഷണിയായി നിന്നിരുന്ന മര ചില്ലകൾ മുറിച്ചും വൃത്തിയാക്കിയത്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പഞ്ചായത്ത് ലൈബ്രറി പഴയ പഞ്ചായത്ത് ഓഫീസിലേക്ക് മാറ്റിയതിന് ശേഷമാണ് സാംസ്‌കാരിക നിലയം അവഗണന നേരിട്ട് തുടങ്ങിയത്. സാംസ്‌കാരിക നിലയം കാട് മൂടിയതോടെ സമീപത്തെ വയോജന വിശ്രമ കേന്ദ്രവും ഉപയോഗ ശൂന്യമാകുകയായിരുന്നു.
സാധ്യതകൾ പരിശോധിച്ച്, അടുത്ത വർഷം പദ്ധതി വെച്ച് 2 കേന്ദ്രങ്ങളും കാര്യക്ഷമമാക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ ചാക്കോ തൈക്കുന്നേൽ അഭിപ്രായപ്പെട്ടു.




