യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ എംഡിഎംഎ കേസ്; പ്രതികൾക്കായി ഹാജരായത് കോൺഗ്രസ് നേതാവ്, പ്രതികളെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

കാസർഗോഡ് എംഡിഎംഎ കേസിൽ പ്രതിളായ യൂത്ത് കോൺഗ്രസ് നേതാക്കളടക്കുള്ളവരെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആഗസ്റ്റ് 22 വരെ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ തുടരും.
പ്രതികൾക്കായി ഹാജരായത് കോൺഗ്രസ് നേതാവായ അഭിഭാഷകൻ. കാസർകോഡ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ഷാജിദ് കമ്മാടമാണ് പ്രതികൾക്കായി ഹാജരായത്. യൂത്ത് കോൺഗ്രസുകാർ പ്രതികളായ മയക്കുമരുന്ന് കേസിൽ 11-ാം ദിവസമാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കത്തിലേക്ക് പൊലീസ് കടക്കുന്നത്
അതേസമയം, പ്രതിയായ മുഹമ്മദ് ഹുസൈന് മുഖ്യമന്ത്രിയുമായി അടുത്ത വ്യക്തിബന്ധമുണ്ടെന്ന വിവരങ്ങൾ പുറത്ത്. നിയമസഭയിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിലും വി ഡി സതീശന്റെ ഔദ്യോഗിക വസതിയിലും മുഹമ്മദ് ഹുസൈൻ സ്ഥിരമായി സന്ദർശനം നടത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ ജന്മദിനാഘോഷ ചടങ്ങുകളിൽ ഹുസൈൻ പങ്കെടുത്തതിന്റെ ചിത്രങ്ങൾ ഇയാളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ ലഭ്യമാണ്. മുഹമ്മദ് ഹുസൈൻ ലഹരിക്കടത്ത് മേഖലയിൽ സജീവമായി പ്രവർത്തിച്ചിരുന്ന സമയത്തു തന്നെയാണ് മുഖ്യമന്ത്രിയുമായി ബന്ധം പുലർത്തിയിരുന്നതും അദ്ദേഹത്തിന്റെ ഓഫീസും വസതിയും സന്ദർശിച്ചിരുന്നതുമെന്നാണ് ഇന്റലിജൻസ് വിവരം. പ്രതിയുടെ ലഹരിക്കച്ചവടവും മുഖ്യമന്ത്രിയുമായുള്ള അടുത്ത ബന്ധവും ഒരേ കാലയളവിലാണ് ഒന്നിച്ച് മുന്നോട്ട് പോയതെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.




