Uncategorized

‘വീണ ടിയുടെ പേരിലുള്ള ലേക്കർ ഇന്ത്യ ഷെൽ കമ്പനി’; സ്ഥാപനം അടച്ചിട്ടിരിക്കുന്ന നിലയിൽ

കോഴിക്കോട്: വീണ ടിയുടെ പേരിലുള്ള ലേക്കര്‍ ഇന്ത്യ, ഷെല്‍ കമ്പനിയെന്ന് സംശയം. കോഴിക്കോട് പന്തീരാങ്കാവിലെ രണ്ടുനില കെട്ടിടത്തിലെ ഒറ്റമുറിയിലെ സ്ഥാപനം മാസങ്ങളായി അടച്ചിട്ട നിലയിലാണ്. കമ്പനി വിവരങ്ങള്‍ ഒരു വെള്ള പേപ്പറില്‍ എഴുതി ഒട്ടിച്ചിട്ടുണ്ട്. സ്ഥാപനം തുടര്‍ച്ചയായി പ്രവര്‍ത്തിച്ചിരുന്നില്ലെന്നാണ് കെട്ടിട ഉടമ നല്‍കുന്ന വിവരം. എന്നാല്‍ വാടക കൃത്യമായി അടച്ച് പോകുന്നുണ്ടെന്നും ഉടമ വ്യക്തമാക്കി. 2023ല്‍ വാടകയ്ക്ക് നല്‍കിയ മുറിയുടെ കരാര്‍, വീണ ടിയുടെ പാര്‍ട്ണറായ ഡോക്ടര്‍ അനസ് അടുത്തിടെയും പുതുക്കിയെന്നും ഉടമ പറഞ്ഞു. മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണ കമ്പനിയാണ് എന്നാണ് ഉടമ പറയുന്നത്.

എന്നാല്‍ ഒളവണ്ണ പഞ്ചായത്തില്‍ ഇങ്ങനൊരു സ്ഥാപനം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വിവാദങ്ങള്‍ക്ക് ശേഷമാണ് കമ്പനിയുടെ മേല്‍വിലാസം എഴുത്തി ഒട്ടിച്ചതെന്നും ആരോപണമുണ്ട്. പക്ഷെ സ്ഥാപനത്തിന്റെ ബോര്‍ഡ് പോയതിനെ തുടര്‍ന്ന് പുതുതായി സ്ഥാപിച്ച വിവരങ്ങളാണ് അതെന്നാണ് ഉടമയുടെ വിശദീകരണം.

അതേസമയം, ഈ ഷെല്‍ കമ്പനിയില്‍ വീണയ്ക്ക് പത്ത് ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി എ മുഹമ്മദ് റിയാസ് നല്‍കിയ രേഖകളില്‍ വ്യക്തമാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായാണോ ഇത്തരം കമ്പനി ഉപയോഗിക്കുന്നതെന്ന അന്വേഷണത്തിലാണ് ഇ ഡി. ഇതില്‍ ഇ ഡിയുടെ അന്വേഷണം പുരോഗമിക്കുകയാണ്.

മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ചും ഇ ഡി വിശദമായ പരിശോധന നടത്തും. 2021ല്‍ വീണ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി നിഖിലിന്റെ സൊലസ് എന്ന പരസ്യകമ്പനിക്ക് വീണ പണം നല്‍കിയതായി ഇ ഡി കണ്ടെത്തിയിരുന്നു. സിഎംആര്‍എല്ലില്‍ നിന്നും ലഭിച്ച പണം ആണോ സൊലസ് കമ്പനിക്ക് നല്‍കിയത് എന്നതില്‍ വ്യക്തതയില്ല. വീണയുടെ ഡയറിയില്‍ നിന്നാണ് സൊലസ് കമ്പനിയുമായുള്ള ഇടപാടുകളുടെ വിവരങ്ങള്‍ ഇ ഡിക്ക് ലഭിച്ചത്. മെയ് 27ന് വീണയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത ഡയറിയിലെ ഒന്നുമുതല്‍ ഒന്‍പത് വരെയുള്ള പേജുകള്‍ കേസില്‍ നിര്‍ണ്ണായകമാണെന്ന് ഇ ഡി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിലെ കണക്കുകള്‍ പ്രകാരം 85 ലക്ഷത്തോളം രൂപ ദുബായിലേക്ക് വീണ കൈമാറിയെന്നാണ് കണ്ടെത്തല്‍.

എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടില്‍ തന്നെയാണ് സിപിഐഎം. ഇ ഡി റെയ്ഡില്‍ പേടിച്ചോടില്ല എന്നും ബിജെപി ഉയര്‍ത്തുന്ന രാഷ്ട്രീയത്തിനെതിരായ പോരാട്ടം തല പോയാലും തുടരുമെന്നുമാണ് റിയാസ് പ്രതികരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button