Uncategorized

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭർത്താവ് വിറ്റെന്ന പരാതി: അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യം

കൊല്ലം: കൊല്ലത്ത് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭര്‍ത്താവ് വിറ്റെന്ന പരാതിയില്‍ നാലു വയസ്സുകാരി മകള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്ന് പൊലീസ്. കൗണ്‍സിലിംഗ് നല്‍കിയശേഷം കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സംസ്ഥാന പൊലീസ് മേധാവിയെ സമീപിച്ചിരുന്നു. നാലു വയസ്സുകാരി മകള്‍ക്ക് മുന്നില്‍ ലൈംഗിക വൈകൃതം കാണിച്ചെന്ന് അമ്മ മൊഴി നല്‍കിയിട്ടും പൊലീസ് പോക്‌സോ ചുമത്തിയിരുന്നില്ല. കുട്ടിയുടെ കൗണ്‍സിലിംഗ് കഴിഞ്ഞതിന് ശേഷം മൊഴി വീണ്ടും രേഖപ്പെടുത്തിയിട്ട് മാത്രമെ പോക്‌സോ കേസ് പരിഗണിക്കൂ എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. പ്രതി കുട്ടിക്ക് മുന്നില്‍ ലൈംഗിക വൈകൃതം നടത്തി എന്നത് പരാതിക്കാരി പുറത്തുവിട്ട ഓഡിയോകളില്‍ വ്യക്തമായിരുന്നു.

അതിനിടെ, കേസില്‍ പോക്‌സോ ചുമത്താത്തതില്‍ കൂടുതല്‍ നിയമനടപടികളിലേക്ക് നീങ്ങാനാണ് പരാതിക്കാരിയുടെ തീരുമാനം.
ഹൈക്കോടതിയെ സമീപിക്കുമെന്നാണ് പരാതിക്കാരി പറയുന്നത്. ഹര്‍ജി ഫയല്‍ ചെയ്യാന്‍ അഭിഭാഷകനെ ചുമതലപ്പെടുത്തി. അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കുമെന്ന് കുടുംബം പറഞ്ഞു. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തണമെന്നും കുടുംബം ആവശ്യപ്പെടും.

കിടപ്പുമുറിയില്‍ നിന്നുള്ള സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭര്‍ത്താവ് അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രതി സ്വന്തം അമ്മയുടെയും മറ്റു ചില സ്ത്രീകളുടെയും നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് യുവതി പറഞ്ഞിരുന്നത്. പൊലീസിന് നല്‍കിയ പരാതിയിലാണ് കൂടുതല്‍ വിവരങ്ങളുള്ളത്. പരാതിയില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഇയാള്‍ മകളുടെ മുന്നില്‍വെച്ച് ലൈംഗിക വൈകൃതം കാണിച്ചിരുന്നു. ഇതോടെ വീട്ടുകാരോട് കാര്യം പറഞ്ഞതില്‍ പ്രകോപിതനായി യുവതിയെ ആക്രമിച്ചിരുന്നു. ഇസ്തിരിപ്പെട്ടി കൊണ്ട് തലയ്ക്ക് അടിക്കുകയും താക്കോല്‍കൂട്ടം കൊണ്ട് ദേഹമാസകലം ഇടിക്കുകയുമായിരുന്നു. യുവതി നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വിദേശത്ത് കഴിയവെയാണ് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് ഫോണില്‍ പകര്‍ത്തിയത്. കൗണ്‍സിലിംഗ് നല്‍കുകയെന്ന ഉദ്ദേശത്തിലാണ് ഭര്‍ത്താവിനെ നാട്ടിലേക്ക് കൊണ്ടുവന്നതെന്നും എന്നാല്‍ കൗണ്‍സിലിംഗിന് നിര്‍ബന്ധിച്ചപ്പോഴും മര്‍ദ്ദിച്ചെന്നും യുവതി പറയുന്നു. ഭര്‍ത്താവിന് പങ്കാളിയെ പങ്കുവെയ്ക്കല്‍ സംഘങ്ങളുമായും ബന്ധമുണ്ടെന്നും യുവതി ആരോപിക്കുന്നു. പൊലീസ് പരാതിയില്‍ അന്വേഷണം നടത്തിവരികയാണ്. യുവതിയുടെ മൊഴി രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button