Uncategorized

നിതിൻ ഗഡ്കരി ലോക്സഭയിൽ പറഞ്ഞു, പിന്നാലെ കൊല്ലത്തേക്ക് എത്തി വിദഗ്ധ സംഘം; ദേശീയപാത ഉയരപ്പാതകളുടെ അപകട സാധ്യത പരിശോധിക്കുന്നു

കൊല്ലം: നിർമ്മാണം നടക്കുന്ന ദേശീയപാത 66ൽ ഉയരപ്പാതകളുടെ അപകട സാധ്യത പരിശോധിക്കുന്നതിനായി ദേശീയപാത അതോറിറ്റിയുടെ വിദഗ്ധ സംഘം. കൊട്ടിയം–മൈലക്കാട് ദേശീയപാത 66ൽ മണ്ണിൽ നിർമ്മിച്ച ഉയരപ്പാത തകർന്നതിനെ തുടർന്നാണ് സമാനമായ ഉയരപ്പാതകളുടെ അപകട സാധ്യത പരിശോധിക്കുന്നതിനായി ദേശീയപാത അതോറിറ്റി വിദഗ്ധ സംഘത്തെ നിയോഗിച്ചത്. എൻ കെ പ്രേമചന്ദ്രൻ എംപിയാണ് ഇക്കാര്യം അറിയിച്ചത്. മണ്ണിൽ നിർമിച്ച ഉയരപ്പാതകൾക്ക് പകരം തൂണുകളിൽ തീർത്ത ഉയരപ്പാതകൾ നിർമിക്കണമെന്ന ആവശ്യം പരിശോധിച്ചു നടപടി സ്വീകരിക്കുമെന്ന് മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ പറഞ്ഞിരുന്നു.

ഇതിനെ തുടർന്നാണ് പുതിയ സംഘം എത്തുന്നത്. സാങ്കേതിക പരിശോധനയ്ക്കായി എട്ട് ജിയോ ടെക്നിക്കൽ ഏജൻസികളെയാണ് നിയമിച്ചത്. ഉയരപ്പാതകൾ നിർമിച്ച സ്ഥലത്തെ മണ്ണിന്റെയും ഭൂപ്രതലത്തിന്റെയും സമഗ്ര പരിശോധന സാങ്കേതിക വിദഗ്ധ സംഘം നടത്തും. ഡൽഹി ഐഐടിയിലെ പ്രഫസർ,അസോഷ്യേറ്റ് പ്രഫസർ, പാലക്കാട് ഐഐടി സിവിൽ എൻജിനീയറിങ് വിഭാഗം മേധാവി എന്നിവരടങ്ങിയ സമിതിക്കാണ് പരിശോധനയുടെ മേൽനോട്ട ചുമതല. മൈലക്കാട് 120 മീറ്റർ നീളത്തിലുള്ള തൂണുകളിൽ ഉയരപ്പാതയും കടവൂരിൽ 440 മീറ്റർ നീളത്തിലുള്ള തൂണുകളിൽ ഉയരപ്പാതയും മേവറത്ത് ഇരുവശങ്ങളിലായി 80 മീറ്റർ വീതം 160 മീറ്റർ നീളത്തിൽ തൂണുകളിൽ ഉയരപ്പാതയും നിർമിക്കാൻ വിദഗ്ധ സമിതി ദേശീയപാത അതോറിറ്റിക്ക് നിർദേശം സമർപ്പിച്ചു കഴിഞ്ഞു.

നീണ്ടകര പാലത്തിന്റെ ഇരുവശത്തും നീണ്ടകര ഭാഗത്തേക്കും ശക്തികുളങ്ങര ഭാഗത്തേക്കും തൂണുകളിൽ തീർത്ത മേൽപാലം ദീർഘിപ്പിക്കുകയും നീണ്ടകര ഭാഗത്തെ മേൽപാലം വാഹനങ്ങൾ കടന്നു പോകാനുള്ള ചെറിയ അടിപ്പാത വരെ ദീർഘിപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. ചവറ പാലത്തിന്റെയും കെഎംഎംഎൽ അടിപ്പാതയുടെ ഇരുവശത്തേക്കും തൂണുകളിൽ തീർത്ത ഉയരപ്പാത ദീർഘിപ്പിക്കാനും നിർദേശമുണ്ട്. നിർദേശങ്ങൾ ദേശീയപാത അതോറിറ്റിയുടെ അന്തിമ പരിഗണനയിലാണ് ഉള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button