ഡോക്ടർമാരില്ല; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം അടച്ചുപൂട്ടി, ഗര്‍ഭിണികള്‍ ദുരിതത്തില്‍

മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം അടച്ചുപൂട്ടി എന്ന് പരാതി. വേണ്ട ഡോക്ടര്‍മാരില്ലാത്തതാണ് ദുരിതത്തിന് കാരണം. ഡോക്ടര്‍മാരില്ലാതെ ഗര്‍ഭിണികള്‍ ഉള്‍പ്പെടെ വലയുകയാണ്. ഡോക്ടര്‍മാര്‍ അവധിയെടുത്ത് സ്വകാര്യ ആശുപത്രിയില്‍ പോകുന്നു എന്ന ഗുരുതര പരാതിയാണ് ആശുപത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കാതെ ട്രാന്‍സ്ഫര്‍ നടത്തിയതിലും അപാകത ഉണ്ട്. പ്രസവത്തിനായി എത്തിയവരെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയാണ് എന്നും പരാതി ഉണ്ട്.
താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തില്‍ ഉള്ളത് രണ്ട് സീനിയര്‍ കണ്‍സള്‍ട്ടന്റ്മാരും ഒരു ജൂനിയര്‍ കണ്‍സള്‍ട്ടന്റും ഉള്‍പ്പെടെ മൂന്ന് ഡോക്ടര്‍മാരാണ്. ജൂനിയര്‍ കണ്‍സള്‍ട്ടന്റ് വ്യക്തിപരമായ ആവശ്യത്തിന് അവധിയെടുത്തിരിക്കുകയാണ്. സീനിയര്‍ കണ്‍സള്‍ട്ടന്റുമാരില്‍ ഒരാള്‍ ദീര്‍ഘ കാല അവധിയെടുത്തു സ്വകാര്യ ആശുപത്രിയില്‍ ജോലിയിൽ പ്രവേശിച്ചു. മുന്നാമത്തെ ഡോക്ടര്‍ മെഡിക്കല്‍ കോളേജിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി പോയി, എന്നാല്‍ ഇതിന് പകരം ഡോക്ടറെ ഇതുവരെ നിയമിച്ചിട്ടുമില്ല. ഇവരുടെ അവധി സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാലാണ് പകരം നിയമനം നടത്താന്‍ കഴിയാത്തത് എന്നാണ് വിവരം.




