Uncategorized

‘ഒരു വർഷമായി മകളെ മാനേജ്‌മെന്റ് മാനസികമായി പീഡിപ്പിച്ചു’; മാർത്താണ്ഡത്തെ നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ കുടുംബം

തിരുവനന്തപുരം: പൊലീസിനും മാനേജ്‌മെന്റിനുമെതിരെ മാര്‍ത്താണ്ഡത്ത് ആത്മഹത്യ ചെയ്ത മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അന്‍സിജിയുടെ കുടുംബം. കേസ് അട്ടിമറിക്കാനാണ് കരുങ്കല്‍ പൊലീസ് ശ്രമിക്കുന്നതെന്ന് കുടുംബം ആരോപിച്ചു. അന്‍സിജി ആത്മഹത്യ ചെയ്തത് പ്രേമ നൈരാശ്യം കാരണമെന്ന് എഫ്‌ഐആറില്‍ പറയുന്നു. മാനേജ്‌മെന്റും കരുങ്കല്‍ പൊലീസും ഒത്തുകളിക്കുന്നുവെന്നും കുടുംബം റിപ്പോര്‍ട്ടറിനോട് ആരോപിച്ചു.

‘മകളുടെ എല്ലാ സുഹൃത്തുക്കളെയും ഞങ്ങള്‍ക്കറിയാം. എന്താണ് സത്യാവസ്ഥയെന്ന് ഞങ്ങള്‍ക്കറിയണം. മാനേജ്‌മെന്റിനെതിരെ സമരം ചെയ്തതോടെയാണ് മകളെ നിരന്തരം വേട്ടയാടിയത്. സംഭവദിവസം മകളെ പ്രിന്‍സിപ്പല്‍ റൂമില്‍ വിളിച്ചിരുന്നു. ഒരു മണിക്കൂറോളം സംസാരിച്ചു. എന്താണ് സംസാരിച്ചതെന്ന് ഇതുവരെയും പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷമായി മാനസികമായി മകളെ മാനേജ്‌മെന്റ് പീഡിപ്പിച്ചിരുന്നു’, കുടുംബം പറയുന്നു.

പ്രിന്‍സിപ്പാളിനെ കൂടാതെ ആറ് അധ്യാപകര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് കുടുംബം പറഞ്ഞു. അവരെയും എത്രയും വേഗം അറസ്റ്റ് ചെയ്യണം. കരുങ്കല്‍ പൊലീസില്‍ വിശ്വാസമില്ലെന്നും അന്വേഷണം എസ്പിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. അതേസമയം സംഭവത്തില്‍ ബത്‌ലഹേം നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കോളേജ് പ്രിന്‍സിപ്പല്‍ ഷീജയെയാണ് അറസ്റ്റ് ചെയ്തത്. ബെംഗളൂരിലെ ഹൊസൂറില്‍ നിന്നാണ് ഷീജയെ പിടികൂടിയത്. കന്യാകുമാരി ജില്ലാ പൊലീസ് മേധാവി സ്റ്റാലിന്‍ ഐപിഎസിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. അന്‍സിജിയുടെ ആത്മഹത്യയില്‍ ഒന്നാംപ്രതിയാണ് കോളേജ് പ്രിന്‍സിപ്പല്‍. സംഭവത്തിന് പിന്നാലെ കൊല്ലംകോട് സ്വദേശിയായ ഷീജ ഒളിവില്‍ പോയിരുന്നു. അന്‍സിജിയുടെ ആത്മഹത്യയില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ ഏഴ് പേരാണ് പ്രതി പട്ടികയില്‍ ഉള്ളത്.

ബത്‌ലഹേം കോളേജ് ഓഫ് നഴ്‌സിങ്ങിലെ മൂന്നാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥിയായിരുന്നു അന്‍സിജി. അന്‍സിജിയെ കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അന്‍സിജി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button