Uncategorized

മോഷ്ടിച്ച ബൈക്കുമായി കടക്കവേ അപകടം; രണ്ടുപേർ മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ

ആലപ്പുഴ: ആലപ്പുഴ കൈചൂണ്ടിമുക്കില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. മണ്ണഞ്ചേരി സ്വദേശികളായ റിന്‍ഷാദ്, സബിന്‍ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയിലാണ് അപകടമുണ്ടായത്. മൂന്നു യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് അമിതവേഗത്തില്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന കാറിലിടിക്കുകയായിരുന്നു. ഇടിച്ചതിനു പിന്നാലെ ബൈക്കിനു തീപിടിക്കുകയും ചെയ്തു. യുവാക്കള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല.

അപകടത്തില്‍പ്പെട്ട ബൈക്ക് മോഷണം പോയതാണെന്നു പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. മണ്ണഞ്ചേരി സ്വദേശിയായ പ്രമോദ് എന്നയാളുടെ ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാത്രിയിലാണ് ബൈക്ക് മോഷണം പോയതെന്ന് ഉടമ വെളിപ്പെടുത്തി. വാഹനം മോഷ്ടിച്ച ശേഷം കടന്നുകളയുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് പൊലിസിന്‍റെ പ്രാഥമിക നിഗമനം.

സംഭവസ്ഥലത്തുനിന്ന് 25-ഓളം സിഗരറ്റ് പാക്കറ്റുകളും പൊലിസ് കണ്ടെടുത്തു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button