Uncategorized

വിജയ്‌യുടെ ഓഫീസ് മാറ്റം രാഷ്ട്രീയ വിവാദത്തില്‍; ടെന്‍ഡര്‍ നടപടിയില്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപണം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് പുതിയ ഓഫീസിലേക്ക് മാറാനുള്ള നീക്കം രാഷ്ട്രീയ വിവാദത്തില്‍. കൂടുതല്‍ ജീവനക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിനായാണ് ഓഫീസ് ഫോര്‍ട്ട് സെന്റ് ജോര്‍ജില്‍ നിന്ന് നാമക്കല്‍ കവിങ്കര്‍ മാളികയിലേക്ക് മാറ്റുന്നതെന്ന് ടിവികെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഓഫീസ് ടെന്‍ഡര്‍ നടപടിയില്‍ ക്രമക്കേടുകള്‍ നടന്നുവെന്നാണ് ബിജെപിയുടെ ആരോപണം.

ഓഫീസ് മാറ്റുന്നതിനായി സര്‍ക്കാര്‍ അടുത്തിടെ 5.5 കോടി രൂപയുടെ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് മാസം പ്രായമായ വിജയ് സര്‍ക്കാരിനെതിരെ ഉയരുന്ന ആദ്യ അഴിമതി ആരോപണമാണിത്. ബിജെപിയും പ്രതിപക്ഷവും ടെന്‍ഡര്‍ നടപടിയെ ചോദ്യം ചെയ്തു. നിര്‍മാണം ആരംഭിച്ച് ഒരു മാസത്തിന് ശേഷമാണ് സര്‍ക്കാര്‍ ടെന്‍ഡര്‍ പുറത്തിറക്കിയതെന്നാണ് ബിജെപിയുടെ ആരോപണം.

സര്‍ക്കാരിന്റെ ടെന്‍ഡര്‍ നടപടികളില്‍ സുതാര്യത കൊണ്ടുവരുമെന്ന് ടിവികെ സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ പുതിയ ഓഫീസുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ നടപടിയില്‍ നിരവധി ക്രമക്കേടുകള്‍ നടന്നതായാണ് ആരോപണം. ഏകദേശം 5.5 കോടി രൂപയുടെ ജോലികള്‍ക്കായാണ് ടെന്‍ഡര്‍. ‘ടിവികെ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് 100 ദിവസം മാത്രമാണ് കഴിഞ്ഞത്. ഇതിനകം തന്നെ സര്‍ക്കാര്‍ ആരോപണ വിധേയമായിരിക്കുകയാണ്’ ബിജെപി നേതാവ് സി ആര്‍ കേശവന്‍ പറഞ്ഞു.

‘ മുഖ്യമന്ത്രി ഓഫീസ് മാറുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. അതില്‍ ഇടപെടാന്‍ കഴിയില്ല. അദ്ദേഹം ഓഫീസ് മാറുന്നതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നുമുണ്ട്, കാരണം ആ കെട്ടിടം കലൈജ്ഞര്‍ കരുണാനിധിയാണ് നിര്‍മിച്ചത്’ എന്നായിരുന്നു വിവാദത്തില്‍ ഡിഎംകെ എംഎല്‍എ ഇ വി വേലുവിന്റെ പ്രതികരണം. എന്നാല്‍ ടെന്‍ഡറില്‍ ക്രമക്കേടുകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ടെന്‍ഡര്‍ ഓണ്‍ലൈനായി പോലും ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തമിഴ്‌നാട് മന്ത്രി ആദവ് അര്‍ജുന ഈ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. മുഖ്യമന്ത്രിയോടൊപ്പം പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും സൗകര്യപ്രദമായ ജോലി അന്തരീക്ഷം വേണമെന്നാണ് വിജയ് കരുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവില്‍ അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും ജീവനക്കാരും 100 ചതുരശ്ര അടിയില്‍ താഴെയുള്ള സ്ഥലത്താണ് ജോലി ചെയ്യുന്നതെന്നും അതിനാലാണ് താല്‍ക്കാലികമായി ഓഫീസ് മാറ്റാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഒരു ലളിതജീവിതം നയിക്കുന്ന വ്യക്തിയാണെന്നും തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് പോലും സാധാരണ ഹോട്ടലിലോ വാനിലോ വിശ്രമിക്കാന്‍ അദ്ദേഹം തയ്യാറാകുമെന്നും ആദവ് അര്‍ജുന കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button