സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശം; പോരാളി ഷാജി ഫേസ്ബുക്ക് അഡ്മിൻമാര്ക്കെതിരെ കേസ്

സ്ത്രീകള്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പോരാളി ഷാജി ഫേസ്ബുക്ക് പേജിന്റെ അഡ്മിന്മാര്ക്കെതിരെ കേസ്. സൈബര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ‘സഖാവ് റഹ്മാൻ’ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നുമാണ് അധിക്ഷേപ പോസ്റ്റ് വന്നത്. സംസ്ഥാന സർക്കാർ ഓണക്കിറ്റ് നിർത്തലാക്കിയെന്ന വിവരണത്തോടൊപ്പം സ്ത്രീയുടെ ഫോട്ടോ നൽകിയായിരുന്നു പോസ്റ്റ്. പോസ്റ്റിട്ട ‘സഖാവ് റഹ്മാന്’ എന്ന അക്കൗണ്ടിനെയും കേസില്‍ പ്രതി ചേർത്തിട്ടുണ്ട്. ബിഎന്‍എസ് 192, ഐടി ആക്ട് 67, കേരള പൊലീസ് ആക്ട് 120 (O) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
8.66 ലക്ഷത്തോളം ആളുകള്‍ പിന്തുടരുന്ന ഫേസ്ബുക്ക് പേജാണ് പോരാളി ഷാജി. കടുത്ത സിപിഐഎം അനുകൂല പോസ്റ്റുകളും, വീഡിയോകളുമാണ് പേജില്‍ പങ്കുവയ്ക്കാറുള്ളത്. ഇടതു സൈബര്‍ പോരാളികള്‍ അവയെല്ലാം വ്യാപകമായി ഷെയര്‍ ചെയ്യുമായിരുന്നു. എന്നാല്‍, ഇടക്കാലത്ത് സിപിഐഎമ്മിനെയും നേതാക്കളെയും വെട്ടിലാക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ വന്നിരുന്നു. സ്വയം വിമര്‍ശനമെന്ന തരത്തില്‍ തുടങ്ങി, നേതാക്കളെ വെട്ടിലാക്കുന്ന തരത്തിലുള്ള പോസ്റ്റുകളും വന്നതോടെ ഇടതു നേതാക്കള്‍ പോരാളി ഷാജിയെ തള്ളി രംഗത്തെത്തിയിരുന്നു. പേജ് ക്രിയേറ്റ് ചെയ്യാന്‍ നല്കിയ മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണവും തുടങ്ങിയിരുന്നു.
എന്നാല്‍, പോരാളി ഷാജിയുടെ പ്രവര്‍ത്തനങ്ങളെ അതൊന്നും ബാധിച്ചിട്ടില്ല. നിരന്തരം പോസ്റ്റുകളുമായി പേജ് സജീവമാണ്. പാര്‍ട്ടിക്കുള്ളിലെ തന്നെ തിരുത്തല്‍വാദികളുടെ പിന്തുണയാണ് പോരാളി ഷാജി പേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതെന്ന തരത്തിലും ചര്‍ച്ചകളുണ്ട്.




