Uncategorized

മുഖ്യമന്ത്രിയെ വിമർശിച്ച പോസ്റ്റുകൾ നീക്കം ചെയ്ത സംഭവം; തെറ്റ് പറ്റിയത് മെറ്റയ്ക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്ന് വ്യക്തമാക്കി മെറ്റ. എഐ സിസ്റ്റത്തിൽ വരുത്തിയ അപ്ഡേഷന്റെ ഭാഗമായി ഉണ്ടായ സാങ്കേതിക തകരാറാണ് പോസ്റ്റുകൾ അപ്രത്യക്ഷമാകാൻ കാരണമെന്ന് മെറ്റ സംസ്ഥാന സൈബർ പൊലീസിനെ ഔദ്യോഗികമായി അറിയിച്ചു. സർക്കാരിന്റെയോ മറ്റ് ഏതെങ്കിലും ഏജൻസികളുടെയോ സമ്മർദ്ദത്തിന്റെയോ ഇടപെടലിന്റെയോ ഭാഗമായിട്ടല്ല പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടതെന്നും മെറ്റ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.

വാർത്താ ചാനലുകളുടെയും മറ്റ് മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയ പേജുകളിൽ നിന്നും സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിക്കുന്ന പോസ്റ്റുകൾ അകാരണമായി നീക്കം ചെയ്യപ്പെട്ടത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സർക്കാരിന്റെ നിർദേശപ്രകാരമാണ് ഈ പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടത് എന്ന തരത്തിലുള്ള ആരോപണങ്ങളും ഉയർന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി ഈ ആരോപണങ്ങളെ പൂർണമായും തള്ളിക്കളഞ്ഞു. തനിക്കെതിരെ വിമർശനം ഉന്നയിക്കുന്ന വാർത്തകൾ മുക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധത്തിലുള്ള ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നും, മാധ്യമങ്ങളുടെ കാർഡുകളും പോസ്റ്റുകളും നിരന്തരം നീക്കം ചെയ്യപ്പെടുന്നതിന് പിന്നിലെ കാരണം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് കഴിഞ്ഞ സൈബർ പൊലീസ് മെറ്റയോട് ഔദ്യോഗികമായി വിശദീകരണം തേടിയത്.

തകരാർ പരിഹരിച്ചതിനെത്തുടർന്ന് റിപ്പോർട്ടർ ടിവി, ന്യൂസ് മലയാളം, കൈരളി തുടങ്ങി വിവിധ മാധ്യമങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ നിന്നും നീക്കം ചെയ്യപ്പെട്ട പോസ്റ്റുകളെല്ലാം ഘട്ടംഘട്ടമായി മെറ്റ ഇപ്പോൾ പുനഃസ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. റിപ്പോർട്ടർ ചാനലിന്റെ പത്തിലധികം പോസ്റ്റുകൾ ഇതിനോടകം പൂർണമായും തിരികെ എത്തിക്കഴിഞ്ഞു. എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തിരുന്ന ആൾ അറസ്റ്റിലായ വാർത്ത, ഒരു മത്സ്യത്തൊഴിലാളിയുടെ മകൾ മുഖ്യമന്ത്രിയെ വിമർശിച്ചു സംസാരിക്കുന്ന വാർത്ത തുടങ്ങിയവയാണ് പ്രധാനമായും നീക്കം ചെയ്യപ്പെട്ടിരുന്നത്. വരും മണിക്കൂറുകളിൽ ബാക്കിയുള്ള പോസ്റ്റുകൾ കൂടി പൂർണമായും പുനഃസ്ഥാപിക്കപ്പെടുമെന്നാണ് വിവരം. യാതൊരു പരാതിയും ലഭിക്കാതെയാണ് സൈബർ പൊലീസ് ഈ വിഷയത്തിൽ മെറ്റയോട് നേരിട്ട് വിശദീകരണം തേടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button