Uncategorized

സർക്കാർ വാഗ്ദാനങ്ങൾ പാഴ്‌വാക്കായി; ആലപ്പുഴയിൽ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ തുടർചികിത്സ പ്രതിസന്ധിയിൽ

ആലപ്പുഴ: ഗർഭകാലചികിത്സാ പിഴവുമൂലം അപൂർവ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ തുടർചികിത്സ പ്രതിസന്ധിയിൽ. സർക്കാർ വാഗ്ദാനങ്ങൾ പാഴ്‌വാക്ക് ആയതോടെ ദൈനംദിന ചിലവുകൾക്കും ചികിത്സയ്ക്കും പണമില്ലാതെ വലയുകയാണ് കുടുംബം. മനുഷ്യവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയെങ്കിലും ആരോഗ്യ വകുപ്പ് ഇതിൽ പ്രതികരിച്ചിട്ടില്ല.

2024 നവംബർ എട്ടിനാണ് ആലപ്പുഴ ലജനത്ത് വാർഡിലെ അനീഷ് മുഹമ്മദ്-സുറുമി ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞ് അപൂർവ വൈകല്യങ്ങളോടെ ജനിച്ചത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ പരിശോധന നടത്തിയ ലാബിന് പിഴവ് സംഭവിച്ചതായി കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ വൈകല്യങ്ങൾ തിരിച്ചറിയുന്നതിൽ ഡോക്ടറിനും പിഴവ് സംഭവിച്ചു എന്നായിരുന്നു ആരോപണം. പിന്നാലെ കുഞ്ഞിന്റെ പൂർണ ചികിത്സ സൗജന്യമായി നടത്തുമെന്ന് അന്നത്തെ ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. എന്നാൽ വാക്കിന് അപ്പുറം ഒന്നും നടന്നില്ലെന്ന് അനീഷ് പറയുന്നു.

മുഖ്യമന്ത്രിയ്ക്കും ആരോഗ്യ മന്ത്രിയ്ക്കും പലയാവർത്തി പരാതി നൽകിയെങ്കിലും മാറ്റം ഉണ്ടായില്ല. ആരോഗ്യ വകുപ്പിനോട് ഇക്കാര്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ട് അഞ്ച് മാസം പിന്നിട്ടിട്ടും നാളിതുവരെ മറുപടി നൽകിയിട്ടില്ല. ഓരോ വാതിലിൽ മുട്ടുമ്പോഴും സർക്കാർ സംവിധാനങ്ങൾ ഈ കുടുംബത്തെ കൈയൊഴിയുകയാണ്. കെ.സി. വേണുഗോപാൽ എംപി മണിപാലിൽ ചികിത്സ ഉറപ്പാക്കാമെന്ന് പറഞ്ഞെങ്കിലും സംസ്ഥാന സർക്കാരിൽ നിന്ന് പിന്നീട് യാതൊരുവിധ സഹായവും ലഭിക്കില്ല എന്ന് അറിയിച്ചതിനാൽ അത് വേണ്ടെന്ന് വച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button