താമരശ്ശേരി – മുക്കം റോഡിൽ അപകടം: മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ താർ ജീപ്പിടിച്ച് രണ്ടു കാറുകൾ തകർന്നു

താമരശ്ശേരി: താമരശ്ശേരി – മുക്കം റോഡിൽ പഴശ്ശിരാജ സ്‌കൂളിന് മുൻവശത്ത് താർ ജീപ്പിടിച്ച് രണ്ടു കാറുകൾ തകർന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. താമരശ്ശേരി ഭാഗത്തുനിന്നും അമിതവേഗതയിലെത്തിയ താർ ജീപ്പ് അപകടമുണ്ടാക്കുകയായിരുന്നു.
മുന്നിൽ സഞ്ചരിക്കുകയായിരുന്ന MG (മോറിസ് ഗ്യാരേജസ്) കാറിലാണ് ജീപ്പ് ആദ്യം ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട MG കാർ, റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ രണ്ടു കാറുകൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. ഭാഗ്യം കൊണ്ടുമാത്രമാണ് വലിയൊരു ആളപായം ഒഴിവായത്.
സംഭവവുമായി ബന്ധപ്പെട്ട് ജീപ്പ് ഓടിച്ചിരുന്ന കൊടുവള്ളി പുത്തൂർ വെണ്ണക്കാട് സ്വദേശി ഷാഹിദിനെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടമുണ്ടാക്കിയ ജീപ്പിൽ നിന്ന് ബിയർ കാനുകൾ കണ്ടെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




