Uncategorized

ഇടപാടുകാർ അറിയാതെ ലക്ഷക്കണക്കിന് രൂപയുടെ അധിക വായ്പ അനുവദിച്ച് തട്ടിപ്പ് നടത്തി; ശ്രീറാം ഫിനാൻസിനെതിരെ കോഴിക്കോട്ടും പരാതി

കോഴിക്കോട്: ശ്രീറാം ഫിനാൻസിനെതിരെ കോഴിക്കോട്ടും വായ്‌പ തട്ടിപ്പ് പരാതി. കുറ്റ്യാടി, മുക്കം ശാഖകൾക്കെതിരെയാണ് പരാതിയും പ്രതിഷേധവും ഉയർന്നത്. ഇടപാടുകാർ അറിയാതെ ലക്ഷക്കണക്കിന് രൂപയുടെ അധിക വായ്പ അനുവദിച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. എടുക്കാത്ത വായ്‌പയുടെ തിരിച്ചടവ് ബാധ്യതയും സിബിൽ സ്കോർ ഇടിവും നേരിടേണ്ടി വന്നതോടെയാണ് ഇടപാടുകാർ രംഗത്തുവന്നത്. കഴിഞ്ഞ ദിവസം കൽപ്പറ്റ ശാഖക്കെതിരെയും സമാന പരാതി ഉയർന്നിരുന്നു.

ശ്രീറാം ഫിനാൻസിൻ്റെ മുക്കം, കുറ്റ്യാടി ശാഖകൾക്കെതിരെയാണ് വ്യാപകമായ വായ തട്ടിപ്പ് പരാതി ഉയർന്നത്. സ്ഥാപനത്തിൽ നിന്ന് നേരത്തെ വായ്പ്‌പയെടുത്ത് കൃത്യമായി തിരിച്ചടച്ചുവരുന്നവരാണ് പരാതിയുമായി രംഗത്തെത്തിയത്. തങ്ങളറിയാതെയാണ് തങ്ങളുടെ പേരിൽ അധിക വായ്‌പകൾ അനുവദിച്ചെന്നാണ് ഇവരുടെ ആരോപണം. ഒരു ലക്ഷം മുതൽ ആറുലക്ഷം രൂപവരെയുള്ള വായ്പ‌കളാണ് പലരുടെയും അക്കൗണ്ടിൽ കണ്ടെത്തിയത്.

എടുക്കാത്ത വായ്‌പകൾ അക്കൗണ്ടിൽ രേഖപ്പെടുത്തിയതോടെ പലരുടെയും സിബിൽ സ്കോർ ഇടിഞ്ഞു. ഇതോടെ പുതിയ വായ്പകളടക്കം സാമ്പത്തിക ഇടപാടുകളും തടസപ്പെട്ടു. സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് ഗുരുതര സാമ്പത്തിക ക്രമക്കേടാണ് ഉണ്ടായതെന്നാണ് പരാതിക്കാർ പറയുന്നത്.

വായ്‌പയെടുത്തവരുടെ പേരിൽ അധിക വായ്പ്‌പ എന്നതിന് പുറമേ ജാമ്യം നിന്നവരുടെ പേരിലടക്കം പുതിയ വായ്‌പകൾ എടുത്തതായാണ് കണ്ടെത്തിയത്. തട്ടിപ്പിൽ തൊട്ടിൽപ്പാലം, മുക്കം പൊലീസിലാണ് നിരവധി പേർ പരാതി നൽകിയത്. അതേസമയം സാങ്കേതിക തകരാറുണ്ടായെന്നും പ്രശ്‌നത്തിന് ഉടൻ പരിഹാരം കാണുമെന്നുമാണ് ശ്രീറാം ഫിനാൻസിന്റെ വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button