വിമാനം റദ്ദാക്കിയതിൽ പൊട്ടിത്തെറിച്ച് യുവതി; കൗണ്ടറിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ വലിച്ചെറിഞ്ഞു; 49,000 രൂപയുടെ നഷ്ടം

ഭൂവനേശ്വർ: വിമാനം റദ്ദാക്കിയതിൻ്റെ ദേഷ്യത്തിൽ വിമാനത്താവളത്തിൽ ബഹളം വെച്ചും കൗണ്ടറിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ വലിച്ചെറിഞ്ഞും യാത്രക്കാരിയായ യുവതിയുടെ പരാക്രമം. ഒഡീഷയിലെ ഭുവനേശ്വറിലുള്ള ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയതാണ് യുവതിയെ പ്രകോപിപ്പിച്ചത്. മാമോനി ഖാരത് ആണ് അതിക്രമം നടത്തിയത്. ഇവർക്കെതിരെ വിമാനത്താവള അധികൃതർ പൊലീസിൽ പരാതി നൽകി.
വ്യാഴാഴ്ച വൈകുന്നേരം ആറുമണിക്കാണ് സംഭവം. കൊൽക്കത്തയിലേക്കുള്ള 6ഇ 7352 വിമാനത്തിലെ യാത്രക്കാരിയാണ് അതിക്രമം നടത്തിയത്. സാങ്കേതിക പ്രശ്നങ്ങൾ കാരണം വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയതാണ് യുവതിയെ പ്രകോപിപ്പിച്ചത്. സിഐഎസ്എഫ്, ഇൻഡിഗോ, എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. യുവതിയുടെ അതിക്രമത്തിൽ മോണിറ്ററിനും കീബോർഡിനും പാസ്പോർട്ട് സ്വൈപ്പിങ് മെഷീനും കേടുപാട് സംഭവിച്ചുവെന്നും 49,000 രൂപയുടെ നഷ്ടമുണ്ടായെന്നും എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.




