Uncategorized

ചൈനീസ് ടൈറ്റാനിയം ഡയോക്സൈഡ് ഇറക്കുമതിക്ക് ആന്റി-ഡംപിംഗ് ഡ്യൂട്ടി: ഡോ. ജോൺ ബ്രിട്ടാസ് എം പിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അനുകൂല നിലപാടുമായി നിർമ്മല സീതാരാമൻ

ചൈനീസ് ടൈറ്റാനിയം ഡയോക്സൈഡ് ഇറക്കുമതിക്ക് ആന്റി-ഡംപിംഗ് ഡ്യൂട്ടി ഏർപ്പെടുത്താനുള്ള ശുപാർശ അംഗീകരിച്ച് ഉടനടി കസ്റ്റംസ് വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എം പിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അനുകൂല നിലപാടുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കർത്തവ്യഭവനിലുള്ള ധനമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് ഇന്ന് കൂടിക്കാഴ്ച നടന്നത്. ചൈനയിൽ നിന്നുള്ള ടൈറ്റാനിയം ഡയോക്സൈഡ് ഇറക്കുമതിക്ക് ആന്റി-ഡംപിംഗ് ഡ്യൂട്ടി ഏർപ്പെടുത്താനുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസിന്റെ ശുപാർശ അംഗീകരിച്ച് ഉടനടി കസ്റ്റംസ് വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ കൂടിക്കാഴ്ചയിലാണ് എത്രയും വേഗം അനുകൂല തീരുമാനമുണ്ടാകുമെന്ന ഉറപ്പ് ഡോ. ജോൺ ബ്രിട്ടാസ് എം പിക്ക് കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമല സീതാരാമൻ നൽകിയത്.

ഡി.ജി.ടി.ആർ 2024-ൽ അന്വേഷണം നടത്തി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ 2025-ൽ ആന്റി-ഡംപിംഗ് ഡ്യൂട്ടി ഏർപ്പെടുത്താൻ കേന്ദ്ര ധനമന്ത്രാലയം ഉത്തരവിട്ടിരുന്നു. എന്നാൽ പ്രസ്തുത ഉത്തരവ് കൽക്കട്ട ഹൈക്കോടതി റദ്ദാക്കുകയും വിഷയം വീണ്ടും പരിശോധിക്കാൻ കേന്ദ്രത്തോട് നിർദേശിക്കുകയുമായിരുന്നു. ഇതിനെത്തുടർന്ന് വിഷയം വീണ്ടും പരിശോധിച്ച ഡി.ജി.ടി.ആർ, ചൈനയിൽ നിന്നുള്ള ടൈറ്റാനിയം ഡയോക്സൈഡ് ഇന്ത്യയിലേക്ക് വൻതോതിൽ കൃത്രിമമായി വിലകുറച്ച് ഇറക്കുമതി ചെയ്യപ്പെടുന്നുണ്ടെന്നും അത് ആഭ്യന്തര വ്യവസായത്തിന് കടുത്ത ആഘാതമുണ്ടാക്കുന്നതായും വീണ്ടും കണ്ടെത്തുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് മൂന്നാം തീയതി സമർപ്പിച്ച റിപ്പോർട്ട് പ്രകാരം അഞ്ചു വർഷത്തേക്ക് നിശ്ചിത ആന്റി-ഡംപിംഗ് ഡ്യൂട്ടി ഏർപ്പെടുത്താനാണ് ഡി.ജി.ടി.ആർ ധനമന്ത്രാലയത്തോട് ശുപാർശ ചെയ്തിരിക്കുന്നത്. ഇക്കാര്യം ജോൺ ബ്രിട്ടാസ് എം.പി ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button