കേരളാ തീരത്തെ എംഎസ്‍സി എൽസ കപ്പൽ അപകടം; അപകടകരമായ ചരക്കുകൾ കടലിനടിയിൽ തുടരുന്നുവെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‍സി എൽസ കപ്പലിന്റെ അവശിഷ്ടങ്ങൾ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് ഹൈക്കോടതിയിൽ അറിയിച്ച് കേന്ദ്രസർക്കാർ. ടി എൻ പ്രതാപൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയിൽ കേന്ദ്രം മറുപടി നൽകിയത്. കപ്പലിൽ നിന്നുള്ള എണ്ണ ചോർച്ചയും, കണ്ടെയ്നറുകളിലെ അപകടകരമായ പാരിസ്ഥിതി ദോഷമുണ്ടാക്കും. കപ്പലും കണ്ടെയ്നുകളും നീക്കം ചെയ്യുന്നത് കപ്പൽ കമ്പനിയുടെ ഉത്തരവാദിത്വമാണെന്നും കേന്ദ്രം അറിയിച്ചു.
അപകടം നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും കണ്ടെയ്നറുകൾ അടക്കം നീക്കം ചെയ്യാനായിട്ടില്ല. കടലിനടിയിലെ പരിശോധനയ്ക്ക് നാവികസേനയുടെ സഹായം തേടിയുണ്ട്. തുടർപരിശോധനകൾ കാലവർഷത്തിന് ശേഷം നടത്തുമെന്നും നിലവിൽ സുരക്ഷിത പരിശോധനയ്ക്ക് അനുയോജ്യ സാഹചര്യമല്ലെന്നും കോടതിയെ അറിയിച്ചുിട്ടുണ്ട്. സാൽവേജ് നടപടികൾ കൃത്യമായി സ്വീകരിച്ചിട്ടുണ്ടെന്നാണ് കപ്പൽ കമ്പനിയുടെ മറുപടി. കണ്ടെയ്നറുകൾ നീക്കം ചെയ്യാനുള്ള ശ്രമം അപകടമുണ്ടാക്കാമെന്നതിനാൽ കടലിനടിയിൽ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നാണ് കമ്പനി കോടതിയിൽ നൽകിയ മറുപടി.
2025 മെയ് 25ന് ആലപ്പുഴയിലെ തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് 13 നോട്ടിക്കൽ മൈൽ അകലെ ആണ് ലൈബീരിയൻ പതാകയോട് കൂടിയ എൽസ 3 കപ്പൽ അപകടത്തിൽപെട്ടത്. വിഴിഞ്ഞത്തുനിന്ന് കൊച്ചി തുറമുഖത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം. കപ്പൽ അപകടത്തില്‍ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തിരുന്നു. എംഎസ്‌സി എൽസ 3 കണ്ടെയ്‌നർ കപ്പൽ ഉടമയാണ് കേസിലെ ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയും ഷിപ്പിംഗ് ക്രൂ മൂന്നാം പ്രതിയുമായാണ് കേസ്. മനുഷ്യജീവന് അപകടം ഉണ്ടാക്കും വിധം ചരക്ക് കപ്പൽ കൈകാര്യം ചെയ്തു എന്ന നിലയിലാണ് കേസ് എടുത്തിട്ടുള്ളത്.




