Uncategorized

അടിവയറ്റിൽ ചവിട്ടി, മുഖത്ത് ശക്ത‌മായി തൊഴിച്ചു, തയ്ക്വാൻഡോ മത്സരത്തിനിടെ നിയമം തെറ്റിച്ച് പ്രഹരം; വിദ്യാർഥി വെന്റിലേറ്ററിൽ

പെരുമ്പിലാവ് (തൃശൂർ)
മഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ നടന്ന സിബിഎസ്ഇ സൗത്ത് സോൺ തയ്ക്വാൻഡോ മത്സരത്തിനിടെ എതിരാളിയുടെ പ്രഹരമേറ്റ് പെരുമ്പിലാവ് അൻസാർ ഇംഗ്ലിഷ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിക്കു തലയ്ക്കു ഗുരുതര പരുക്ക്. മതിലകം കൂളിമുട്ടം വള്ളത്തുപടി അബ്ദുൽ ജലാലിന്റെ മകൻ ഫായിസ് അബ്‌ദുൽ ജലാലിനാണ് (18) സാരമായി പരുക്കേറ്റത്. എറണാകുളം ആസ്‌റ്റർ മെഡ്സിറ്റി ആശുപ്രതിയിൽ പ്രവേശിപ്പിച്ച ഫായിസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.

ആറിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെ കഴിയുന്ന ഫായിസ് അബോധാവസ്ഥ‌ഥയിലാണ്. ചന്ദ്രപുർ സൻസ്കാർ ഭാരതി പബ്ലിക് സ്കൂ‌ളിൽ ഓഗസ്റ്റ‌് 3ന് നടന്ന അണ്ടർ 19 വിഭാഗം മത്സരത്തിനിടെയാണു സംഭവം. മത്സരത്തിനിടെ എതിരാളി ഫായിസിന്റെ അടിവയറ്റിൽ ചവിട്ടി. നിയമവിരുദ്ധമായ ഈ പ്രഹരത്തിനു ശേഷം കടുത്ത വേദനയോടെ ഫായിസ് മത്സരം നിർത്താൻ റഫറിയോട് സിഗ്നൽ നൽകി റിങ്ങിനു പുറത്തേക്ക് നീങ്ങി. എന്നാൽ ഫൗൾ വിളിക്കാനോ മത്സരം നിർത്താനോ റഫറി തയാറായില്ല. ഇതിനിടെ, മത്സരം നിർത്തി റിങ്ങിൽ നിന്നു പിന്മാറിയ ഫായിസിൻ്റെ മുഖത്തിനു നേരെ എതിരാളി ശക്തമായി തൊഴിച്ചു. തലയ്ക്ക് അടിയേറ്റ ഫായിസ് ഉടൻ തളർന്നു വീഴുകയായിരുന്നു.

സ്‌കൂൾ അധികൃതരുടെ നേതൃത്വത്തിൽ ഫായിസിനെ ഉടൻ ചന്ദ്രപുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തലച്ചോറിൽ കടുത്ത രക്തസ്രാവമുണ്ടായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയും ചെയ്തു. തുടർന്ന് 9ന് വിദഗ്‌ധ ചികിത്സയ്ക്ക് എയർ ആംബുലൻസിൽ കൊച്ചിയിലേക്കു കൊണ്ടുവരികയായിരുന്നു.

തയ്ക്വാൻഡോ ഫെഡറേഷന്റെയും സിബിഎസ്ഇയുടെയും മത്സര നിയമങ്ങൾ കാറ്റിൽപറത്തിയാണ് റഫറിയും സംഘാടകരും പ്രവർത്തിച്ചതെന്ന് ഫായിസിന്റെ കുടുംബം ആരോപിക്കുന്നു. ചട്ടലംഘനം നടന്നിട്ടും മത്സരം തടയാതിരുന്ന റഫറിക്കെതിരെയും എതിരാളിക്കെതിരെയും നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കുടുംബം സിബിഎസ്‌ഇ ചെയർമാനും റീജനൽ ഓഫിസർക്കും പരാതി നൽകിയെന്നാണു സൂചന. വിദേശത്തായിരുന്ന ഫായിസ് കഴിഞ്ഞ വർഷമാണ് അൻസാർ സ്കൂളിൽ ചേർന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button