കശുവണ്ടി അഴിമതി കേസ്; ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി പിരിച്ചുവിടും, ആര്‍ ചന്ദ്രശേഖരനെ പുറത്താക്കും

തിരുവനന്തപുരം: ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാന്‍ ദേശീയ നേതൃത്വത്തിന്റെ നീക്കം. സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍ കശുവണ്ടി അഴിമതിക്കേസില്‍ പ്രതിയായ സാഹചര്യത്തിലാണ് തീരുമാനം. ആര്‍ ചന്ദ്രശേഖരന് എതിരെ നടപടിക്കും ഐഎന്‍ടിയുസി ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചന്ദ്രശേഖരനെ സംഘടനയില്‍ നിന്നും പുറത്താക്കാനാകും കമ്മിറ്റി തീരുമാനം. ഇയാള്‍ക്കെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
ദേശീയ തലത്തിലുള്ള മലയാളി നേതാക്കള്‍ തന്നെ ചന്ദ്രശേഖരനെ പുറത്താക്കണമെന്ന ആവശ്യവുമായി ദേശീയ നേതൃത്വത്തെ സമീപിച്ചിരുന്നു എന്നാണ് വിവരം. എന്നാല്‍ പാര്‍ട്ടിക്കകത്തും സംഘടനയ്ക്കകത്തും ഇദ്ദേഹത്തിന് സംരക്ഷണം ലഭിച്ചു എന്ന പരാതിയും നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. ഒടുവില്‍ യുഡിഎഫ് സര്‍ക്കാര്‍ തന്നെ ആര്‍ ചന്ദ്രശേഖരനെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് നടപടി എടുക്കാന്‍ ദേശീയ നേതൃത്വം തീരുമാനം എടുത്തത്.




