അനുമതി കഴിഞ്ഞിട്ടും മണ്ണെടുപ്പ് തുടര്‍ന്നു; പാണക്കാട് മണ്ണിടിച്ചില്‍ പ്രദേശത്ത് നടന്നത് അനധികൃത നീക്കം

മലപ്പുറം: മലപ്പുറം പാണക്കാട് മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് നടന്നിരുന്നത് അനധികൃത മണ്ണെടുപ്പ് എന്ന് തെളിയിക്കുന്ന നിര്‍ണായക രേഖകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. നഗരസഭയുടെയും ജിയോളജി വകുപ്പിന്റെയും അനുമതി കഴിഞ്ഞിട്ടും മേഖലയില്‍ മണ്ണെടുപ്പ് തുടര്‍ന്നു എന്ന് വ്യക്തമാക്കുന്നതാണ് രേഖകള്‍. പ്രദേശത്ത് നടന്നത് തീര്‍ത്തും അനധികൃത നിര്‍മാണമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 19നാണ് ജിയോളജി വകുപ്പ് നല്‍കിയ പാറ പൊട്ടിക്കാനുള്ള അനുമതി കഴിഞ്ഞത്. നഗരസഭ നല്‍കിയ മണ്ണെടുക്കാനുള്ള അനുമതി ജൂണ്‍ 20നും കഴിഞ്ഞിരുന്നു.
അനുമതി പുതുക്കിയിട്ടില്ലെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ റിന്‍ഷ പറഞ്ഞു. കമ്പനിയുടെ ലൈസന്‍സ് റദ്ധ് ചെയ്യുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി. മണ്ണിടിച്ചില്‍ സാധ്യത അവഗണിച്ച് ഏപ്രില്‍ ഒന്നിന് മണ്ണെടുക്കുന്ന ദൃശ്യങ്ങളും ലഭിച്ചു. വലിയ അനാസ്ഥയാണ് സംഭവിച്ചതെന്നാണ് വിലയിരുത്തല്‍. പരിസ്ഥിതി ലോല മേഖലയില്‍ എങ്ങനെയാണ് മണ്ണെടുക്കാനും പാറപൊട്ടിക്കാനും അനുമതി നല്‍കിയത് എന്നാണ് ഉയരുന്ന വിമര്‍ശനം. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി നൗഫല്‍ കടക്കാടനാണ് സ്ഥലം ഉടമ. ഇവിടെ ഷോപ്പിങ് കോംബ്ലക്‌സ് നിര്‍മിക്കാനായിരുന്നു പ്രവർത്തികള്‍ നടന്നിരുന്നത്.
അതേസമയം നിലവില്‍ മഴമാറിനില്‍ക്കുന്നുണ്ടെങ്കിലും മഴകനത്താല്‍ ഇനിയും മണ്ണിടിച്ചില്‍ സാധ്യത ഉണ്ടെന്നതാണ് അശങ്കയാകുന്നത്. 2018ല്‍ സമാനമായ നിലയില്‍ ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. അന്ന് ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം എന്ന് കാട്ടി നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അത് പരിഗണിച്ചിരുന്നെങ്കില്‍ ഇത്തരം ഒരു അപകടം ഉണ്ടാകില്ലായിരുന്നു എന്നാണ് ഉയരുന്ന വിമര്‍ശനം.




