Uncategorized
പമ്പാ നദിയിൽ വീണ്ടും ജലനിരപ്പ് ഉയരുന്നു, റാന്നിയിൽ ജാഗ്രത പാലിക്കാൻ പൊലീസ് നിർദേശം

പത്തനംതിട്ട: പമ്പാനദിയിൽ തിങ്കളാഴ്ച പുലർച്ചെയോടെ വീണ്ടും ജലനിരപ്പ് ഉയരുന്നതിനാൽ ജാഗ്രതാ നിർദേശം. റാന്നി മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് റാന്നി പൊലീസിന്റെ നിർദേശം. റാന്നിയിൽ വീണ്ടും വെള്ളംകയറാൻ സാധ്യതയുള്ളതിനാൽ എല്ലാവരും സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറണമെന്നും റാന്നി സിഐ നൽകിയ നിർദേശത്തിൽ പറയുന്നു.
കഴിഞ്ഞദിവസത്തെ കനത്തമഴയ്ക്ക് പിന്നാലെ റാന്നി ടൗൺ ഉൾപ്പെടെ പലയിടങ്ങളും വെള്ളത്തിൽ മുങ്ങിയിരുന്നു. വ്യാപാരികൾക്കടക്കം വലിയ നാശനഷ്ടങ്ങളുമായി. ഞായറാഴ്ചയോടെയാണ് പലമേഖലകളിൽനിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയത്.
അതിനിടെ, പത്തനംതിട്ടയിലെ മലയോര മേഖലകളിൽ ഞായറാഴ്ച രാത്രി ജാഗ്രതാ അനൗൺസ്മെന്റ് നടത്തി. കക്കാട്ടാറിൻ്റെയും പമ്പയാറിന്റെയും തീരത്തുള്ളവർക്ക് മിന്നൽപ്രളയ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.




