കനത്ത മഴയിൽ വാഹനാപകടം; ഒല്ലൂരിലും വടക്കാഞ്ചേരിയിലുമായി മൂന്ന് മരണം

കനത്ത മഴയിലുണ്ടായ വാഹനാപകടത്തിൽ തൃശൂരിൽ മൂന്നു മരണം. ഒല്ലൂരിൽ രണ്ടുപേരും വടക്കാഞ്ചേരിയിൽ ഒരാളും മരിച്ചു. ഗുരുവായൂരിൽ തെങ്ങ് മുറിഞ്ഞുവീണ് വീട് തകർന്നു. നഗരത്തിന്റെ ഹൃദയഭാഗമായ ഇക്കണ്ട വാര്യർ റോഡ് പൂർണ്ണമായി വെള്ളത്തിൽ മുങ്ങി.
പുലർച്ചെ നാലുമണിയോടെയാണ് ഒല്ലൂരിൽ ടൂറിസ്റ്റ് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറും യാത്രക്കാരനും മരിച്ചത്. ഓട്ടോ ഡ്രൈവറായ ഡാനി, യാത്രക്കാരൻ മെജോറിൻ എന്നിവരാണ് മരിച്ചത്. ആദ്യം ഓട്ടോയ്ക്ക് പിന്നിൽ ലോറി ഇടിച്ചു. പിന്നാലെ എതിരെ വന്ന ടൂറിസ്റ്റ് ബസിൽ ഓട്ടോ ഇടിച്ചു കയറുകയായിരുന്നു. ഓട്ടോറിക്ഷ പൂർണമായി തകർന്നു. വടക്കാഞ്ചേരി റയിൽവെ മേൽപാലത്തിനു സമീപം ഒമ്പതരയോടെയാണ് ലോറിയ്ക്കടിയിൽപ്പെട്ട് യുവതി മരിച്ചത്. കരുതക്കാട് പത്താംകല്ല് സ്വദേശിനി ഫാത്തിമ സുഹറയാണ് മരിച്ചത്. യുവതിയുടെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങിയതിനാൽ മൃതദേഹം തിരിച്ചറിയാൻ വൈകി. കനത്ത മഴയ്ക്കിടെയാണ് മൂന്നു മരണങ്ങളുമുണ്ടായത്.
ഗുരുവായൂർ തൊഴിയൂരിൽ ശകമായ കാറ്റിലും മഴയിലും തെങ്ങു മുറിഞ്ഞു വീണ് ആയിരം കണ്ണി ഉന്നതിയിലെ ഷിബുവിന്റെ വീട് ഭാഗികമായി തകർന്നു. പുലർച്ച അഞ്ചരയോടെയാണ് അപകടമുണ്ടായത്. ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്കിറങ്ങി ഓടിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മലയോര മേഖലയിലും തീരപ്രദേശത്തും മഴ നിർത്താതെ പെയ്യുന്നു. ജില്ലയിൽ ഓറഞ്ച് അലർട്ട് ആണ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.




