ഇന്ന് അതിശക്തമായ മഴ; 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. എല്ലാ ജില്ലകള്‍ക്കും ഇന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും ബാക്കി 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ഒമ്പത് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേര്‍ട്ടുള്ളത്.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, എറണാകുളം, വയനാട്, കാസര്‍കോട് ജില്ലകളിലാണ് അവധി. കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, മതപഠന കേന്ദ്രങ്ങള്‍ തുടങ്ങിയ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.
കോഴിക്കോട് (ചോമ്പാല FH മുതല്‍ രാമനാട്ടുകര വരെ), കണ്ണൂര്‍, കാസര്‍കോട് (വളപ്പട്ടണം മുതല്‍ ന്യൂ മാഹി വരെയും കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് രാവിലെ 11.30 മുതല്‍ നാളെ ഉച്ചയ്ക്ക് 2.30 വരെ 2.8 മുതല്‍ 3.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ പുലര്‍ച്ചെ 05.30 വരെ 1.4 മുതല്‍ 1.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്‌ക്കേണ്ടതാണ്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നല്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.



