ജന്തർ മന്തറിൽ കണ്ടെത്തിയ കല്ല് നിറച്ച ട്രക്ക്; കസ്റ്റഡിയില്‍ ഉണ്ടായിരുന്നതെന്ന് സമ്മതിച്ച് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധ സ്ഥലത്തിന് സമീപം കല്ലുകളുമായി കണ്ടെത്തിയ ട്രക്ക് കസ്റ്റഡിയിലുണ്ടായിരുന്നത് വ്യക്തമാക്കി ഡല്‍ഹി പൊലീസ്. ന്യൂഡല്‍ഹി ഡിസിപിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രതിഷേധത്തിന് നാലു ദിവസം മുമ്പ് കസ്റ്റഡിയിലെടുത്ത വാഹനമാണിത്. ആറു പേര്‍ക്ക് പരിക്കേല്‍ക്കാന്‍ ഇടയായ അപകടത്തിന് പിന്നാലെ പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ ഉള്‍പ്പെട്ടതാണ് ഈ വാഹനമെന്നാണ് വിശദീകരണം. വാഹനത്തിലുണ്ടായിരുന്ന ലോഡ് ഒഴിവാക്കിയിരുന്നെന്നും ഡിസിപി എക്സ് പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്.
‘ട്രക്ക് നമ്പര്‍ HR63E 6865, ജന്തര്‍ മന്തറിലോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ഓഫീസിന് മുന്നിലോ വിന്യസിച്ചിരുന്നു എന്ന തരത്തിലുള്ള അവകാശവാദങ്ങള്‍ പൂര്‍ണമായും വ്യാജവും തെറ്റിദ്ധാരണ പടര്‍ത്തുന്നതുമാണ്. ആറു പേര്‍ക്ക് പരിക്കേല്‍ക്കാന്‍ ഇടവരുത്തിയ, EECO വാനും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ ജൂലായ് 16ന് പിടിച്ചെടുത്ത ട്രക്കാണിത്. സ്ഥലപരിമിതി മൂലം ഈ ട്രക്ക് ആദ്യം പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് സമീപമാണ് പാര്‍ക്ക് ചെയ്തിരുന്നത്. ചലോ സന്‍സദ് നീക്കത്തിന്റെ ഭാഗമായി ക്രമസമാധാന സജ്ജീകരണങ്ങള്‍ പരിഗണിച്ച്, ഈ ട്രക്കിലെ ലോഡ് ഒഴിവാക്കി, ജൂലായ് 20ന് പുലര്‍ച്ചെയോടെ സുരക്ഷിതമായി, ഉടമസ്ഥന് കൃത്യമായ നിര്‍ദേശം നല്‍കിയതിന് ശേഷം മറ്റൊരു സ്ഥലത്തേക്ക് മാറ്റി. പ്രതിഷേധക്കാര്‍ക്ക് എതിരായ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന വാദം അടിസ്ഥാനരഹിതമാണ്. ഇത്തരത്തില്‍ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗികമായ അറിയിപ്പുകളെ മാത്രം ആശ്രയിക്കുക’- എന്നാണ് ഡിസിപിയുടെ എക്സ് പോസ്റ്റ്.
അതേസമയം ട്രക്കിന്റെ സാന്നിധ്യം വിവാദമായതിന് പിന്നാലെ സമാധാനപരമായ ജനാധിപത്യ സമരത്തെ തകര്‍ക്കാനും ആക്രമണങ്ങള്‍ ഇളക്കിവിട്ട് നിരപരാധികളായ പൗരന്മാരെ വ്യാജക്കേസുകളില്‍ കുടുക്കാനുമുള്ള ആസൂത്രിത നീക്കമാണിതെന്ന് സിജെപി ആരോപിച്ചിരുന്നു. പ്രതിഷേധ സ്ഥലത്തേക്ക് ട്രക്ക് മാറ്റാന്‍ ആരാണ് ഉത്തരവിട്ടതെന്ന് പൊലീസ് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.




