രാത്രി വീടിനു പുറത്തിറങ്ങിയ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച അയൽവാസി അറസ്റ്റിൽ

കോഴിക്കോട്: രാത്രി വീടിനു പുറത്തിറങ്ങിയ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ അയൽവാസി അറസ്റ്റിൽ. കോഴിക്കോട് പുതിയങ്ങാടി ചാലില്‍ റോഡ് സ്വദേശി ടി.കെ. മുഹമ്മദ് സഫദ് (26)ആണ് പന്നിയങ്കര പോലീസിന്റെ പിടിയിലായത്. പയ്യാനക്കല്‍ സ്വദേശിനിയായ യുവതി വട്ടക്കിണര്‍ വൈഎംആര്സിയിലുള്ള തന്റെ സഹോദരന്റെ വീട്ടില്‍ എത്തിയതായിരുന്നു.
ഇവര്‍ രാത്രി പുറത്തിറങ്ങിയ സമയത്ത് അയല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന സഫദ് ഓടിയെത്തി യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ഇയാള്‍ ഉപദ്രവിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ പന്നിയങ്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും കോഴിക്കോട് ബീച്ചില്‍ വച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ഇയാളുടെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




