Uncategorized

ഡല്‍ഹി വിദ്യാര്‍ത്ഥി സമരം; ടി ജി മോഹന്‍ദാസിന്റെ അധിക്ഷേപ പരാമര്‍ശം തള്ളി ആര്‍എസ്എസ്

കോഴിക്കോട്: ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആര്‍എസ്എസ് സഹയാത്രികന്‍ ടി ജി മോഹന്‍ദാസിന്റെ അധിക്ഷേപ പരാമര്‍ശം തള്ളി ആര്‍എസ്എസ്. പ്രസ്താവന അപലപനീയമാണെന്നാണ് ആര്‍എസ്എ്‌സ് നിലപാട്. മോഹന്‍ദാസ് ആര്‍എസ്എസ് ചുമതല വഹിക്കുന്നില്ലെന്നും വ്യക്തമാക്കി. സിജെപി സമരങ്ങളെക്കുറിച്ച് ടി ജി മോഹന്‍ദാസ് നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹക് കെ ബി ശ്രീകുമാര്‍ പറഞ്ഞു. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. ആ അഭിപ്രായങ്ങളോടും അത്തരം കാഴ്ചപ്പാടുകളോടും ആര്‍എസ്എസ് ഒരു തരത്തിലും യോജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടി ജി മോഹന്‍ദാസ് ആര്‍എസ്എസിന്റെ ഒരു തരത്തിലുള്ള ചുമതലയും വഹിക്കുന്നില്ലെന്നും കെ ബി ശ്രീകുമാര്‍ പറഞ്ഞു.

സാധാരണ ഇത്തരം വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ ആര്‍എസ്എസ് വാര്‍ത്താ കുറിപ്പ് ഇറക്കി നിഷേധിക്കാറില്ല. അത് വാര്‍ത്തകളില്‍ വന്ന് പോകട്ടെ എന്ന നിലപാടാണ് പലപ്പോഴും ആര്‍എസ്എസ് സ്വീകരിക്കാറുള്ളത്. എന്നാല്‍ മോഹന്‍ദാസിനെ ആര്‍എസ്എസിന്റെ സൈദ്ധാന്തികനായി വിലയിരുത്തുകയും അയാള്‍ പറഞ്ഞ അധിക്ഷേപ പരാമര്‍ശം ആര്‍എസ്എസിന്റെ നിലപാടായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ആര്‍എസ്എസ് തന്നെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ആര്‍എസ്എസിന്റെ പരിവാര്‍ പ്രസ്ഥാനമായിരുന്ന ഭാരതീയ വിചാര കേന്ദ്രവുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ആളാണ് ടി ജി മോഹന്‍ദാസ് എന്നതും പ്രധാനമാണ്. മുന്‍പ് കേസരിയില്‍ ഒരു ലേഖനം എഴുതിയും മോഹന്‍ദാസ് ആര്‍എസ്എസിനെ വെട്ടിലാക്കിയിട്ടുണ്ട്. ആര്‍എസ്എസും സിപിഐഎമ്മും കേരളത്തില്‍ യോജിച്ചു പ്രവര്‍ത്തിക്കണമെന്നായിരുന്ന ലേഖനം.

അതേസമയം മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശങ്ങളില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്നാണ് ഹിന്ദു മഹാ സഭ കേരള സംസ്ഥാന പ്രസിഡന്റ് ആര്‍ വി ബാബു പ്രതികരിച്ചത്. കേസെടുക്കാനുള്ള കുറ്റമില്ലെന്നാണ് ഹിന്ദു ഐക്യവേദിയുടെ നിലപാട്. വികൃത മുഖം തുറന്ന് കാട്ടുന്നതില്‍ അസ്വസ്ഥത സ്വാഭാവികമാണെന്നും പരാമര്‍ശങ്ങളില്‍ കേസിന് ബിഎന്‍എസില്‍ വകുപ്പില്ലെന്നുമായിരുന്നു ആര്‍ വി ബാബുവിന്റെ പ്രതികരണം. അതിനിടെ വിഷയത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്താനൊരുങ്ങുകയാണ് ഡിവൈഎഫ്‌ഐ. ടി ജി മോഹന്‍ദാസിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനാണ് തീരുമാനം. വിഷയത്തില്‍ മോഹന്‍ദാസിനെതിരെ എസ്എഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button