Uncategorized

വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്; ഏബൽ അഗസ്റ്റിൻ റിമാൻഡിൽ

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥി ഏബൽ അഗസ്റ്റിനെ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അടുത്ത മാസം ഏഴാം തീയതി വരെ റിമാൻഡ് ചെയ്‌തു. നേരത്തെ ലഭിച്ച ജാമ്യത്തിന് പിന്നാലെ രജിസ്റ്റർ ചെയ്ത പുതിയ കേസുകളിലാണ് പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.വയനാട് കക്കവയൽ സ്വദേശിയായ ഏബൽ അഗസ്റ്റിനെതിരെ ഇതുവരെ അഞ്ച് കേസുകളാണ് മെഡിക്കൽ കോളേജ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദ്യമായി രജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും, കൂടുതൽ വിദ്യാർഥിനികൾ പരാതിയുമായി രംഗത്തെത്തിയതിനെ തുടർന്ന് പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും എല്ലാ കേസുകളിലും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.ഇൻസ്റ്റഗ്രാമിൽ നിന്ന് വിദ്യാർഥിനികളുടെ ചിത്രങ്ങൾ അവരുടെ അനുമതിയില്ലാതെ ഡൗൺലോഡ് ചെയ്‌ത്‌ മോർഫ് ചെയ്ത് അശ്ലീല അടിക്കുറിപ്പുകളോടെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. ഇരുപതിലേറെ വിദ്യാർഥിനികളുടെ ചിത്രങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. പ്രതിയുടെ മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയുടെ ഫൊറൻസിക് പരിശോധന തുടരുകയാണ്. കൂടുതൽ ഇരകളുണ്ടോയെന്നും ചിത്രങ്ങൾ മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണ്.ആദ്യഘട്ട അന്വേഷണത്തിലും കേസ് രജിസ്റ്റർ ചെയ്യുന്നതിലുമുണ്ടായ കാലതാമസത്തിനെതിരെ സർക്കാർ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് കൂടുതൽ പരാതികൾ സ്വീകരിച്ച പൊലീസ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.സംഭവത്തെ തുടർന്ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് അധികൃതർ ഏബൽ അഗസ്റ്റിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. പരാതിക്കാരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കൂടുതൽ കേസുകൾ കൂടി രജിസ്റ്റർ ചെയ്യാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും സൈബർ വിദഗ്ധരുടെ സഹായത്തോടെയാണ് ഡിജിറ്റൽ തെളിവുകൾ വിശദമായി പരിശോധിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button