Uncategorized

പ്രതീക്ഷിച്ചതല്ല, ഇതുപോലെ കെഎസ്ആര്‍ടിസി എല്ലാവര്‍ക്കും തുണയാകട്ടെ; നിയമ വിദ്യാര്‍ത്ഥിയുടെ കുറിപ്പ് വൈറല്‍

കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി ജീവനക്കാരും യാത്രക്കാരും. തിരുവനന്തപുരത്ത് നിന്നും കുന്നിക്കോട്ടേക്കുള്ള യാത്രക്കിടെ കൊട്ടാരക്കരയില്‍ നിന്ന് ബസ് മാറിക്കയറിയതോടെ പരിഭ്രാന്തിയിലായ സഫിയ എന്ന നിയമവിദ്യാര്‍ത്ഥിക്കാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ തുണയായത്. ഇത് സംബന്ധിച്ച സഫിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് വൈറലായി.

രാത്രി എട്ട് മണിക്ക് തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ച യുവതി പത്ത് മണിക്കാണ് കൊട്ടാരക്കരയില്‍ എത്തിയത്. അവിടെ നിന്നും കുന്നിക്കോട്ടേക്ക് പോകാനുള്ള ബസ് അബദ്ധത്തില്‍ മാറി കയറുകയായിരുന്നു. ടിക്കറ്റെടുക്കുമ്പോള്‍ കണ്ടക്ടര്‍ ഇക്കാര്യം സൂചിപ്പിച്ചതോടെയാണ് വിദ്യാര്‍ത്ഥിക്ക് അബദ്ധം മനസ്സിലായത്. എന്നാല്‍ പാതിരാത്രി വിജനമായ സ്ഥലത്ത് ഇറക്കി വിടാതെ ജീവനക്കാരും യാത്രക്കാരും സഹായിക്കുകയായിരുന്നു.

‘കൊല്ലം-തെങ്കാശി ബസിലായിരുന്നു കുന്നിക്കോട്ടേക്ക് പോകേണ്ടിയിരുന്നത്. ഞാന്‍ നോക്കിയപ്പോള്‍ കൊല്ലം – തെങ്കാശി ബസ്സ് വന്നു. ഒട്ടും ആലോചിക്കാതെ ഞാന്‍ അതില്‍ കയറി. പക്ഷേ, ഞാന്‍ കയറിയത് തെങ്കാശി – കൊല്ലം ബസ്സിലായിരുന്നു! അതായത്,മറ്റൊരു ദിശയിലേക്ക് പോകുന്ന ബസ്സ് . ശുഭം! ഞാന്‍ ടിക്കറ്റെടുക്കാന്‍ കണ്ടക്ടറോട് ‘ഒരു കുന്നിക്കോട്’ എന്ന് പറഞ്ഞു. അയാള്‍ എന്നെ ദയനീയമായി ഒന്നു നോക്കിയിട്ട് ചോദിച്ചു: ‘കുന്നിക്കോട്ടേക്കോ…?’ എന്നിട്ട് പറഞ്ഞു: ‘ഇത് അങ്ങോട്ട് പോകുന്നതല്ല മോളെ, തിരിച്ച് കുന്നിക്കോട് വഴി കൊല്ലത്തേക്ക് പോകുന്ന ബസ്സാണ്.’ അതു കേട്ടതും ഞാന്‍ ആകെ പതറിപ്പോയി’, വിദ്യാര്‍ത്ഥി പറയുന്നു.

‘ഉടന്‍ തന്നെ കണ്ടക്ടര്‍ ബസ് നിര്‍ത്തിച്ചു. ഞാന്‍ ആ ബസ്സില്‍ നിന്ന് ഇറങ്ങാന്‍ തുനിഞ്ഞപ്പോള്‍ ആ മനുഷ്യന്‍ എന്നോട് ചോദിച്ചു: ‘എങ്ങനെയാ മോളെ ഈ പാതിരാത്രിയില്‍ മോളെ ഇവിടെ ഇറക്കിവിടുന്നത്?’ ആ ഒറ്റ ചോദ്യത്തില്‍ എനിക്ക് ആ മനുഷ്യനോട് വലിയ ബഹുമാനം തോന്നി. അദ്ദേഹം എന്നെ ആ വിജനമായ സ്ഥലത്ത് ഇറക്കിയില്ലെന്ന് മാത്രമല്ല, ബെല്ലടിച്ച് ബസ് മുന്നോട്ട് എടുക്കുകയും ചെയ്തു. ആ ബസ്സിലുണ്ടായിരുന്ന ഡ്യൂട്ടിയിലില്ലാതിരുന്ന മറ്റ് ചില കണ്ടക്ടര്‍മാരും കൂടി ചേര്‍ന്ന് അവര്‍ക്കറിയാവുന്ന മറ്റ് ബസ്സുകളിലെ ജീവനക്കാരെ വിളിച്ചു ചോദിക്കാന്‍ തുടങ്ങി ഈ സമയത്ത് കുന്നിക്കോട്ടേക്ക് പോകുന്ന ഏതെങ്കിലും ബസ്സുണ്ടോ എന്ന്. നിര്‍ഭാഗ്യവശാല്‍ ആ റൂട്ടിലെ ബസ്സുകളെല്ലാം കടന്നുപോയിരുന്നു’

വീട്ടില്‍ വിളിച്ച് കാര്യം പറഞ്ഞു. വീട്ടുകാര്‍ക്ക് അവിടെയെത്താന്‍ ഇനിയും സമയമെടുക്കും. റോഡിലാണെങ്കില്‍ കുറ്റാക്കൂരിരുട്ട്, ഒരു മനുഷ്യന്‍ പോലുമില്ല. എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ ആകെ വിഷമിച്ചു നിന്നു. എന്നാല്‍ ആ ബസ്സിലെ കണ്ടക്ടറും ഡ്രൈവറും മാത്രമല്ല, ഒപ്പമുണ്ടായിരുന്ന ഓരോ യാത്രക്കാരും എന്നെ ആശ്വസിപ്പിച്ചു തുടങ്ങി. എന്നെ എവിടെ ഇറക്കിയാലാണ് കൂടുതല്‍ സുരക്ഷിതമാവുക എന്ന ചിന്തയിലായിരുന്നു ആ കണ്ടക്ടര്‍. പെട്ടെന്നാണ് ഞങ്ങള്‍ക്ക് എതിര്‍ദിശയില്‍ മറ്റൊരു ബസ് വരുന്നത് കണ്ടത്. ഉടന്‍ തന്നെ ഈ ബസ്സിലെ കണ്ടക്ടറും ഡ്രൈവറും യാത്രക്കാരും ചേര്‍ന്ന് ആ ബസ്സിന് കൈകാണിച്ച് നിര്‍ത്തിച്ചു. എന്നെ വളരെ കയറ്റിവിട്ടിട്ടാണ് ഈ ബസ്സ് പോയത്. അങ്ങനെ ഒടുവില്‍ സുരക്ഷിതമായി ഞാന്‍ കൊട്ടാരക്കരയില്‍ എത്തി ചേര്‍ന്നു. തുടക്കത്തില്‍ എനിക്ക് വളരെയധികം ഭയമുണ്ടായെങ്കിലും, ആ യാത്ര അവസാനിച്ചപ്പോള്‍ എന്റെ മനസ്സില്‍ നിറഞ്ഞത് വലിയ സന്തോഷവും ആശ്വാസവുമായിരുന്നു’, വിദ്യാര്‍ത്ഥിനി കുറിച്ചു. ദൈവത്തിന്റെ നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. ഇതുപോലെ കെഎസ്ആര്‍ടിസി എല്ലാവര്‍ക്കും തുണയാകട്ടെയെന്നും പെണ്‍കുട്ടി കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button