കേരളം നടുങ്ങിയ നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ഇരുഭാഗങ്ങളുടേയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കോടതി ശിക്ഷ പുറപ്പെടുവിച്ചത്. നേരത്തെ, ഇനിയും പുറത്തിറങ്ങിയാൽ മറ്റുള്ളവരേയും കൊല്ലുമെന്നും താൻ ഗാന്ധിജിയൊന്നുമല്ലെന്നും ചെന്താമര പറഞ്ഞിരുന്നു. പിന്നീട് കോടതി നിർദേശ പ്രകാരം കൗൺസലിംഗ് നൽകിയപ്പോൾ ചെന്താമര സംസാരിച്ചത് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
ചെന്താമരയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും സൈക്കോളജി, സൈക്കാട്രി റിപ്പോർട്ടുകൾ ഇത് ശരിവെക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ഗാന്ധിയല്ല താൻ എന്ന് പ്രതി കോടതിയിൽ പറഞ്ഞു. ഞാൻ അങ്ങോട്ട് പ്രശ്നത്തിന് പോകില്ല. ഇങ്ങോട്ട് വന്നാൽ വെറുതെ വിടില്ലെന്നും ചെന്താമര പറഞ്ഞെന്ന് കോടതി പറഞ്ഞു. പ്രതിയെ പ്രകോപിപ്പിച്ചു എന്നാണ് കുറ്റം ചെയ്യാനുള്ള കാരണം. കൊല്ലപ്പെട്ട സുധാകരൻ്റെ മകളുടെ കാര്യത്തിൽ ഡിഫൻസ് കൗൺസിൽ മുൻപാകെ പ്രതി കുറ്റബോധം കാണിച്ചു. പ്രതിക്ക് മാനസാന്തരമുണ്ടാകില്ല. ഇരകളുടെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായിട്ടില്ല. പ്രകോപനം ഇല്ലാതെയാണ് ചെന്താമരയുടെ കുറ്റകൃത്യം. മനസാന്തര പെടാനുള്ള സാധ്യത കൂടി നോക്കിയാണ് ശിക്ഷ വിധിക്കാറുള്ളത്.
സമൂഹത്തിനു പ്രതി പ്രശ്നക്കാരൻ ആണെങ്കിൽ വധശിക്ഷ നൽകാമെന്നു വിവിധ ഹൈക്കോടതി വിധികൾ ഉണ്ട്. എല്ലാ കുറ്റവാളികൾക്കും ഭാവിയുണ്ട്. എല്ലാ വിശുദ്ധർക്കും ഭൂതം ഉണ്ട്. സുധാകരൻ്റെ മക്കൾക്ക് ചെന്താമര ഭീഷണിയാണ്. കൊലപാതകങ്ങൾ ചെയ്തതിൽ പ്രതിക്ക് കുറ്റബോധം ഇല്ല. ജാമ്യം ലംഘിച്ച് ആണ് കൊലപാതകങ്ങൾ നടത്തിയത്. ചെന്താമര വീണ്ടും കുറ്റം ചെയ്യാൻ സാധ്യത ഉള്ളയാളാണെന്ന് ജില്ലാ പ്രോബേഷൻ ഓഫീസറുടെ റിപ്പോർട്ട് ഉണ്ടെന്നും കോടതി പറഞ്ഞു.കൊലപാതകത്തിന് പ്രതി വ്യക്തമായി പദ്ധതിയിട്ടിരുന്നതായി സാക്ഷി മൊഴികളിലുണ്ട്. കൊലപാതകം പ്രതി തുടർച്ചയായി ന്യായികരിക്കുകയാണ്. പ്രതി പറഞ്ഞ ഒരു കാര്യം മാത്രമാണ് യാഥാർത്ഥ്യമായി തോന്നിയത്. ജയിലിൽ ജോലി ചെയ്ത് സുധാകരൻ്റെ മക്കൾക്ക് ചിലവിന് കൊടുക്കാം എന്നത് മാത്രം. പ്രതിക്ക് മാനസിക സമ്മർദ്ദം ഉള്ളതിനാൽ സ്വയം അവസാനിക്കാനാണ് വീട്ടിൽ നിന്ന് കണ്ടെത്തിയ വിഷം സൂക്ഷിച്ചതെന്ന പ്രതിഭാഗത്തിൻ്റെ വാദം തെളിഞ്ഞില്ല. പ്രതിഭാഗത്തിൻ്റെ വാദം പൂർണമായി കോടതി തള്ളി. സാഹചര്യ തെളിവുകൾ ആണ് കേസിൽ ഉള്ളത്. അത് കൊണ്ട് മാത്രം വധശിക്ഷ നൽകാൻ ആകില്ല എന്നാണ് മുൻ വിധികൾ. നേരത്തെ തന്നെ ജീവപര്യന്തം വിധിച്ചിട്ടുണ്ട്. മുൻ കേസ് ശിക്ഷയിൽ പരിഗണിക്കരുത് എന്ന് പ്രതിഭാഗം പറഞ്ഞിരുന്നു. മുത്തശ്ശിയെ കൊന്നതോടെ മക്കൾക്ക് അതിജീവിക്കാനുള്ള അവസരം പ്രതി ഇല്ലാതാക്കി
കേസിന്‍റെ നാള്‍വഴികള്‍
ജനുവരി 27 ചെന്താമര അയൽവാസിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തുന്നു. പ്രതിക്കായി രണ്ടു ദിനം നീണ്ട തിരച്ചിൽ- രാത്രിയും പകലും കൊലപാതകം നടന്ന വീടിനോട് ചേ൪ന്ന മലയിടുക്കിൽ പൊലീസും നാട്ടുകാരും ചേ൪ന്നായിരുന്നു തിരച്ചിൽ
28 ന് രാത്രി 11 മണിയോടെ ചെന്താമരയെ പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു
ഫെബ്രുവരി 5- സുധാകരനെയും ലക്ഷ്മിയെയും കൊല്ലാനുപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരിയിലും തെളിവെടുപ്പ്
ഫെബ്രുവരി 18- പ്രതി ചെന്താമരയുടെ ആദ്യ കേസിലെ ജാമ്യം റദ്ദാക്കി, 2019 ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദായത്. 2022 ൽ ജാമ്യത്തിലിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിൽ താമസിച്ചത്.
മാ൪ച്ച് 3- കേസിൽ സാക്ഷികളുടെ രഹസ്യ മൊഴി ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി.
മാർച്ച് 25 കുറ്റപത്രം സമ൪പ്പിച്ചു
480 പേജുള്ള കുറ്റപത്രത്തിൽ 132 സാക്ഷികളും മുപ്പതിലധികം രേഖകളും ഫൊറൻസിക് പരിശോധന ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ഉള്‍പ്പെട്ടിരുന്നു. ഫെബ്രു 23 മുതൽ മെയ് 6 വരെ വിചാരണ നടന്നു. 132 സാക്ഷികളിൽ 4 പേര്‍ കൂറുമാറുകയും ചെയ്തിരുന്നു.



