Uncategorized

അമ്പായത്തോട്-ബോയ്‌സ് ടൗൺ റോഡ് നവീകരണത്തിന്റെ പ്രാരംഭനടപടികൾ തുടങ്ങി

അമ്പായത്തോട് : മലയോര ഹൈവേയുടെ ഭാഗമായി അമ്പായത്തോട്-ബോയ്‌സ് ടൗൺ ചുരം റോഡ് നവീകരണത്തിന്റെ പ്രാരംഭനടപടികൾ തുടങ്ങി. റോഡിന്റെ അതിർത്തി അടയാളപ്പെടുത്തുന്ന പ്രവൃത്തിയാണ് കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി.) അമ്പായത്തോടുനിന്ന് തുടങ്ങിയത്. കെ.ആർ.എഫ്.ബി. അസി. എക്സിക്യൂട്ടീവ് എൻജിനീയർ പി.സജിത്ത്, അസി. എൻജിനീയർ ടി.കെ.റോജി എന്നിവരുടെ നേതൃത്വത്തിലാണ് റോഡിന്റെ അതിർത്തി അടയാളപ്പെടുത്തി കുറ്റിയടിക്കുന്നത്. റോഡ് വികസിപ്പിക്കുന്നതിനായി ഇരുവശത്തുനിന്നും ഒരുപോലെയാണ് വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്നത്. സൗജന്യമായാണ് സ്ഥലം ഉടമകൾ ഭൂമി വിട്ടുനൽകിയത്. പഞ്ചായത്തംഗങ്ങളായ ബിനു പടിയാനിക്കൽ, ബിന്ദു കൊച്ചുപൂവ്വത്തുംമൂട്ടിൽ എന്നിവരും സ്ഥലത്തെത്തിയിരുന്നു.അമ്പായത്തോട്-ബോയ്‌സ് ടൗൺ റോഡിന്റെ നവീകരണത്തിനായി 41.50 കോടി രൂപയാണ് കിഫ്ബിയിൽനിന്ന് അനുവദിച്ചത്. 5.76 കിലോമീറ്റർ ദൂരമുള്ള റോഡ് 12 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്. നിലവിൽ 5.5 മീറ്ററാണ് റോഡിൻ്റെ ടാറിങ് വീതി. ഒൻപത് മീറ്റർ വീതിയിലാണ് ടാറിടുക. 18 മാസമാണ് നിർമാണ കാലാവധി. റോഡ് വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി 0.46 ഹെക്ടർ വനഭൂമിയും ഏറ്റെടുത്തിട്ടുണ്ട്. ഇതിന് പകരമായി 0.92 ഹെക്ടർ ഭൂമി അയ്യൻകുന്ന് പഞ്ചായത്തിൽ വനം വകുപ്പിന് വിട്ടുനൽകിയിട്ടുണ്ട്. റോഡ് നവീകരണപ്രവൃത്തി ടെൻഡർ ചെയ്ത് കരാർ നൽകിയതായും മഴ കുറയുന്നതോടെ അമ്പായത്തോട്ടുനിന്ന് റോഡ് പണി തുടങ്ങുമെന്നും അസി. എക്സിക്യൂട്ടീവ് എൻജിനീയർ പി.സജിത്ത് പറഞ്ഞു. ഓരോ കിലോമീറ്റർ വീതമായിരിക്കും റോഡ് പണി നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. നിർമാണം നടത്തുന്ന സമയത്ത് ഭാരവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനാണ് കെ.ആർ.എഫ്.ബി.യുടെ തീരുമാനം. അമ്പായത്തോട്-ബോയ്‌സ് ടൗൺ പാതയിൽ ചെകുത്താൻ തോടിന് സമീപം ഏതാണ്ട് പൂർണമായും തകർന്ന നിലയിലാണ് റോഡ്. ഏറെ ബുദ്ധിമുട്ടിയാണ് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button