Uncategorized

സുഹൃത്ത് സൂക്ഷിക്കാൻ നൽകിയ പൊതി, പിടികൂടിയത് കോടികളുടെ മുതൽ, ഹരിപ്പാട് രണ്ട് പേർക്കായി തിരച്ചിൽ

ഹരിപ്പാട്: പള്ളിപ്പാട്ടെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദി പിടികൂടി. റെയ്ഡ് നടക്കുമ്പോൾ വീട്ടിൽ താമസക്കാരനായ കായംകുളം നെടുവക്കാട് സ്വദേശി നിതീഷ് (35) സ്ഥലത്തുണ്ടായിരുന്നില്ല. ഇയാളുടെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സുഹൃത്തായ പള്ളിപ്പാട് സ്വദേശി ജസ്റ്റിൻ ഇത് സൂക്ഷിക്കാൻ ഏല്പിച്ചതാണെന്നാണ് ഇവർ പൊലീസിന് നൽകിയ പ്രാഥമിക വിവരം. സംഭവത്തിന് ശേഷം ഒളിവിൽപോയ നിതീഷ്, ജസ്റ്റിൻ എന്നിവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്ന കേസായതിനാൽ പിടിച്ചെടുത്ത പദാർഥം വനംവകുപ്പിന് കൈമാറി. വനംവകുപ്പായിരിക്കും കേസെടുത്ത് തുടരന്വേഷണം നടത്തുക. പള്ളിപ്പാട് രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ കഴിഞ്ഞ ഒരുവർഷമായി ഇവർ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ലക്ഷ്യമിട്ട് ഹരിപ്പാട് പൊലീസ് നടത്തിയ പരിശോധനയിലാണ് ഈ ശേഖരം കണ്ടെത്തിയത്.

പ്ലാസ്റ്റിക് ഫിലിം ഉപയോഗിച്ച് വായുകടക്കാത്ത രീതിയിൽ അതീവ ഭദ്രമായി ചുറ്റിയ അഞ്ച് വലിയ പൊതികളുടെ രൂപത്തിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത 44 കിലോഗ്രാം പദാർഥത്തിന് അന്താരാഷ്ട്ര വിപണിയിൽ കോടിക്കണക്കിന് രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ, ഇത് യഥാർഥ അംബർഗ്രിസ് തന്നെയാണോ എന്ന് കെമിക്കൽ ലാബ് പരിശോധനയ്ക്ക് ശേഷമേ ഔദ്യോഗികമായി സ്ഥിരീകരിക്കൂ. നിയമവിരുദ്ധ ഇടപാടുകളെക്കുറിച്ച് വീട്ടിലുണ്ടായിരുന്ന യുവതിക്ക് അറിവുണ്ടായിരുന്നോ എന്നും അന്വേഷിക്കും. കൃത്യമായ പങ്കാളിത്തം തെളിഞ്ഞാൽ മാത്രമേ ഇവരെ കേസിൽ പ്രതിചേർക്കൂ.

നിലവിൽ ഒളിവിൽപോയ നിതീഷ് മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാൾക്കെതിരെ ആംസ് ആക്ട് പ്രകാരമുള്ള കേസും ഗുണ്ടാസംഘങ്ങളെ സംഘടിപ്പിച്ച് ജന്മദിന പാർട്ടി നടത്തിയതുമായി ബന്ധപ്പെട്ട കേസും നിലവിലുണ്ട്. ഹരിപ്പാട് എസ്എച്ച്ഒ വി ഷിബു, എസ്ഐ നൗഷാദ്, ഷാഡോ പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അന്വേഷണസംഘത്തിൽ എഎസ്ഐ ഷിഹാബ്, പ്രൊബേഷൻ എസ്ഐ ദേവരാജൻ, രേഖ, ഡാൻസാഫ് അംഗങ്ങൾ എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ പിടികൂടുന്നതോടെ മാത്രമേ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ എന്ന് പൊലീസ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button