Uncategorized

‘കഴിക്കാൻ ദുർ​ഗന്ധമുള്ള പഴകിയ ഭക്ഷണം, പെപ്പർ സ്പ്രേ പ്രയോ​ഗം’; 17കാരന്റെ മൊഴി; വൃദ്ധസദനത്തിൽ മാനസിക വെല്ലുവിളിയുള്ള കുട്ടിക്കും ക്രൂരമർദനം

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ മർദനമേറ്റവരിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയും. ക്രൂര മർദനത്തിൽ കുട്ടിക്ക് പരിക്കേറ്റതിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്റർ ഉപദ്രവിച്ചെന്ന് ആദ്യം പരാതി ഉന്നയിച്ച 17കാരന്റെ മൊഴിയെടുത്ത് പൊലീസ്. പ്രതികളുടെ അറസ്റ്റ് വൈകില്ലെന്ന് അന്വേഷണ സംഘം. കൂടുതൽ പേർക്ക് മർദനമേറ്റെന്ന വിവരമാണ് പൊലീസ് ഇപ്പോൾ വ്യക്തമാക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയുടെ അമ്മ വിദേശത്താണ്, അച്ഛൻ കൂലിവേല ചെയ്യുന്നയാളാണ്. അമ്മ വരുന്നത് വരെ ഈ കുട്ടിയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇവിടെ ഏൽപിച്ചത്. അവിടെ വെച്ചാണ് ചെറിയ കുറ്റങ്ങൾ ആരോപിച്ച് കുട്ടിയെ ക്രൂരമർദനത്തിന് ഇരയാക്കിയത്. കുട്ടിയെ സിഡബ്ലിയുസി ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്.

മർദനമേറ്റെന്ന പരാതി ആദ്യമുയർത്തിയ 17കാരന്റെ മൊഴിയിൽ നിന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പലപ്പോഴും പെപ്പർ സ്പ്രേ പ്രയോ​ഗിക്കാൻ ശ്രമിച്ചു. കഴിക്കാൻ നൽകിയിരുന്നത് പഴകിയതും ദുർ​ഗന്ധം വമിക്കുന്നതുമായ ഭക്ഷണമായിരുന്നു. അവിടുന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിടികൂടി ക്രൂരമായി മർദിച്ചു. മുറിയിൽ പൂട്ടിയിട്ടും കട്ടിലിൽ കെട്ടിയിട്ടും മർദിച്ചുവെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ഇടുക്കി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും ​ഗൗരവതരമായി അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. സ്ഥാപനത്തിലെ മൂന്ന് ആളുകൾക്കെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. പാസ്റ്റർക്കെതിരെയും കേസെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button