Uncategorized

വടകരയുടെ മണ്ണിൽ സിപിഐഎം വിഷം കലക്കാൻ ശ്രമിച്ചു; നാടിനോടുള്ള നീതി നടപ്പാക്കിയ പൊലീസിന് നന്ദി: ഷാഫി പറമ്പിൽ

പാലക്കാട്: കാഫിർ സ്ക്രീൻഷോട്ട് കേസിലെ കള്ളത്തരം പൊളിച്ചത് ജനങ്ങളാണെന്ന് ഷാഫി പറമ്പിൽ എംപി. ജനങ്ങളോട് ആദരവ് ഉണ്ടെന്നും പച്ചക്കള്ളം തിരിച്ചറിഞ്ഞ് ആളുകൾ വോട്ട് ചെയ്തുവെന്നും ഷാഫി പറഞ്ഞു. വടകരയുടെ മണ്ണിൽ രാഷ്ട്രീയ വിഷം കലക്കാൻ സിപിഐഎം ശ്രമിച്ചു എന്നും അതിനെ അജണ്ടയാക്കാൻ അവർ പദ്ധതിയിട്ടുവെന്നും ഷാഫി ചൂണ്ടിക്കാട്ടി.

വ്യാജ പ്രചാരണം മറ്റുള്ളവരുടെ തലയിൽക്കെട്ടിവച്ച് ഒന്നും അറിയാത്ത പോലെ കൈമലർത്തുകയാണ് സിപിഐഎം ചെയ്തത്. സത്യം പുറത്തു വരാതിരിക്കാനാണ് പ്രതികളെ ഡിവൈഎഫ്ഐ സംരക്ഷിക്കുന്നത്. പിന്നിൽ പ്രവർത്തിച്ചവരെ വെളിപ്പെടുത്തും എന്ന ഭയമുള്ളതിനാലാണ് പ്രതികളെ സംരക്ഷിക്കുന്നത്. കാഫിർ സ്ക്രീൻഷോട്ടിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ പേരെയും പുറത്തു കൊണ്ടുവരണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.
പാർട്ടി ഉന്നത നേതൃത്വത്തിൻ്റെ അറിവോടെയാണ് സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയത്. ഇത് തയ്യാറാക്കിയ വ്യക്തിയെയും അതിന് ആവശ്യപ്പെട്ടവരേയും പുറത്തു കൊണ്ടുവരണം. ജനങ്ങൾക്ക് വേണ്ടി പൊലീസിനോട് നന്ദി പറയുന്നു എന്നും, നടപ്പായത് നടപ്പായത് നാടിനോടുള്ള നീതി ആണെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് കാഫിർ സ്ക്രീൻഷോട്ട് കേസിൽ ‍ഡിവൈഎഫ്ഐ ബ്ലോക്ക് അംഗം ജിതിൻ ഭാസ്‌കറിനെ എസ്ഐടി അറസ്റ്റ് ചെയ്തിരുന്നു. വടകര സ്ക്വാഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് ജിതിൻ. എസ്ഐടി പുനരന്വേഷണത്തിലെ ആദ്യ അറസ്റ്റാണ് ഇത്. ഇയാളെ എസ്ഐടി നേരത്തെ ചോദ്യം ചെയ്തിരുന്നു. വീണ്ടും വിളിച്ചു വരുത്തിതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വടകര സ്ക്വാഡ് എന്ന വാട്സ്ആപ്പ് ​ഗ്രൂപ്പിൽ ആണ് സ്ക്രീൻഷോർട്ട് ആദ്യം പ്രചരിപ്പിച്ചത്. ഈ ​ഗ്രൂപ്പ് കേന്ദ്രീകരിച്ചായിരുന്നു സംഘം അന്വേഷണം നടത്തിയിരുന്നത്. ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് കാഫിർ സ്‌ക്രീൻഷോട്ട് ലഭിച്ചതും വടകര സ്‌ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നായിരുന്നു. ഈ ഗ്രൂപ്പ്‌ തന്നെയാണ് വ്യാജ സ്‌ക്രീൻഷോട്ടിൻ്റെ പ്രഭവ കേന്ദ്രമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button